സഹപ്രവര്‍ത്തകൻ ‘ആൻ്റി’ എന്ന് വിളിച്ചു; ഇന്ത്യൻ നഴ്സിന് നഷ്‌ടപരിഹാരം അനുവദിച്ച്‌ കോടതി

ഒരു വാക്കില്‍ എന്താണ് ഉള്ളതെന്ന ചോദ്യത്തിന് 1.76 ലക്ഷം രൂപയുടെ വിലയുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്.അതും വെറുമൊരു വാക്കല്ല, നമ്മള്‍ പലരും മുതിർന്ന സ്ത്രീകളെ വിളിക്കാൻ ഉപയോഗിക്കുന്ന “ആന്റി” എന്ന വാക്കാണ് യുവാവിന് പണി കൊടുത്തത്. സഹപ്രവർത്തകൻ ആൻ്റിയെന്ന് വിളിച്ചതിന് പരാതി നല്‍കിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ നഴ്സിന് നഷ്‌ടപരിഹാരം അനുവദിച്ച്‌ കോടതി. ഘാന വംശജനായ സഹപ്രവർത്തകൻ ആൻ്റി എന്ന് വിളിച്ചെന്നാണ് യുവതിയുടെ പരാതി. ഇല്‍ഡ എസ്റ്റീവ്സ് (61) നല്‍കിയ പരാതിയിലാണ് നടപടി.വാട്ട്ഫോർഡ് എംപ്ലോയ്‌മെൻ്റ് ട്രൈബ്യൂണലിലെ ജഡ്ജിയായ ജോർജ് അല്യോട്ട്, പ്രായവും ലിംഗവും അടിസ്ഥാനമാക്കി ഇല്‍ഡ എസ്റ്റേവസിനെ പ്രതി മാനസികമായി ഉപദ്രവിച്ചതായി കണ്ടെത്തുകയായിരുന്നു. ലണ്ടൻ എൻഎച്ച്‌എസ് 1,425.15 പൗണ്ട് (1.76 ലക്ഷം രൂപ) നല്‍കാനാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്.വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ തുടർന്നതായും പരാതിയില്‍ പറയുന്നു. 2023 ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ സ്റ്റാഫ് നഴ്‌സ് ചാള്‍സ് ഓപ്പോങ് പലതവണ ആൻ്റിയെന്ന് വിളിച്ചതായി എസ്റ്റീവ്സ് ട്രൈബ്യൂണലിനോട് പറഞ്ഞു. പേര് വിളിക്കാൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ല.എന്നാല്‍, ഘാന സംസ്കാരത്തില്‍ ആന്റി എന്നത് ബഹുമാന്യമായ ഒരു പദമാണെന്ന് ട്രൈബ്യൂണല്‍ അംഗീകരിച്ചു. പക്ഷെ വിളി ഇഷ്ടപ്പെടാത്ത ആള്‍ക്ക് അത് അരോചകമായി മാറുകയും ജോലിസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തുവെന്ന് ജഡ്ജിമാർ പറഞ്ഞു.സ്റ്റാഫ് നേഴ്‌സായ ചാള്‍സ് ഓപ്പോങ്ങ് വാർഡിലെ ടീമുകളെ നയിക്കാൻ ഉത്തരവാദിയായിരുന്നു. അതിനാല്‍ അത്തരം പരാമർശങ്ങള്‍ നടത്താൻ പാടില്ലായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. തമാശയായി ഉദ്ദേശിച്ചുള്ളതാണെങ്കിലും ആ പരാമർശങ്ങള്‍ ദോഷം വരുത്തിവെച്ചിരിക്കാമെന്നും കോടതി നിഗമനം.വംശീയ വിവേചനം, വേതന പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവരുടെ മറ്റ് ചില അവകാശവാദങ്ങള്‍ നിരസിച്ച കോടതി കേസ് സ്വകാര്യമായി സൂക്ഷിക്കണമെന്ന അഭ്യർത്ഥനയും നിരസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *