അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി അബുദബി കോടതി

മറ്റൊരു സ്ത്രീയുടെ സ്വകാര്യത ലംഘിച്ച്‌ അവരുടെ ചിത്രം ഇൻസ്റ്റാഗ്രാമില്‍ പ്രസിദ്ധീകരിച്ച യുവതിക്ക് 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം വിധിച്ച്‌ അബുദാബി കോടതി.അനുവാദമില്ലാതെ ചിത്രം പ്രചരിപ്പിച്ചതിലൂടെ പരാതിക്കാരിയുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അബുദാബി ഫാമിലി, സിവില്‍, അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടത്. വിവരസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി ചിത്രം പോസ്റ്റ് ചെയ്തത് വഴി പരാതിക്കാരിക്ക് മാനസിക ക്ലേശവും സാമൂഹികമായ നാണക്കേടും ഉണ്ടായതായി കോടതി നിരീക്ഷിച്ചു.തന്റെ സമ്മതമില്ലാതെ ചിത്രം പങ്കുവെച്ചത് വഴി അന്തസ്സിനും പ്രശസ്തിക്കും കളങ്കമുണ്ടായെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്നുമാവശ്യപ്പെട്ടാണ് പരാതിക്കാരി സിവില്‍ കേസ് ഫയല്‍ ചെയ്തത്. നേരത്തെ ഇതേ സംഭവത്തില്‍ ക്രിമിനല്‍ കോടതി യുവതിയെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.ഇതിനുപുറമെ മൂന്ന് മാസത്തേക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് യുവതിയെ വിലക്കിയ ക്രിമിനല്‍ കോടതി, വിവാദ ചിത്രങ്ങള്‍ ഉടനടി നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു. ഈ ക്രിമിനല്‍ വിധിയുടെ തുടർച്ചയായാണ് ഇപ്പോള്‍ സിവില്‍ കോടതി നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ദൃശ്യങ്ങള്‍ അതിവേഗം പ്രചരിക്കാൻ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രവൃത്തികള്‍ വ്യക്തികള്‍ക്ക് വലിയ തോതിലുള്ള മാനസിക ആഘാതം സൃഷ്ടിക്കുമെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഭൗതികമല്ലാത്ത ഇത്തരം നാശനഷ്ടങ്ങളെ സാമ്ബത്തികമായ അളവുകോലുകള്‍ കൊണ്ട് മാത്രം വിലയിരുത്താൻ കഴിയില്ലെങ്കിലും, പ്രവൃത്തിയുടെ ഗൗരവം കണക്കിലെടുത്ത് 50,000 ദിർഹം നഷ്ടപരിഹാരം നല്‍കുന്നത് നീതിയുക്തമാണെന്ന് കോടതി വ്യക്തമാക്കി. കേസ് നടത്തുന്നതിനായുള്ള നിയമപരമായ ചെലവുകളും നിയമപരമായ പലിശയും പ്രതി നല്‍കേണ്ടി വരും. യുഎഇയിലെ കർശനമായ സൈബർ നിയമങ്ങള്‍ പ്രകാരം മറ്റൊരാളുടെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കടുത്ത ശിക്ഷാർഹമായ കുറ്റമാണെന്ന് ഈ വിധിയിലൂടെ ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *