നടി ഹൻസിക മോട്വാനിയും ഭർത്താവ് സൊഹൈല്‍ കതൂരിയയും ഔദ്യോഗികമായി വിവാഹമോചിതരായി. ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് ഹൻസികയുടെ അഭിഭാഷകൻ അദ്നാൻ ഷെയ്ഖാണ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചത്.ദമ്പതികള്‍ തമ്മിലുള്ള ബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നതിനാല്‍ പരസ്പര സമ്മതത്തോടെയാണ് കോടതി വിവാഹമോചനം അനുവദിച്ചത്. മാന്യവും സമാധാനപരവുമായ രീതിയില്‍ വേർപിരിയണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുൻഭർത്താവില്‍ നിന്ന് ജീവനാംശം (Alimony) ഹൻസിക ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇരുവരും തമ്മില്‍ പതിവായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും ഇത് ഒരുമിച്ച് താമസിക്കുന്നത് അസാധ്യമാക്കിയെന്നും കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2022 ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ച് ആഡംബരപൂർവ്വം നടന്ന വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു. 2024 മുതല്‍ ഇവർ അകന്നുതാമസിച്ചു വരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിവാഹ വീഡിയോകളും ചിത്രങ്ങളും ഹൻസിക നീക്കം ചെയ്തതോടെയാണ് വേർപിരിയല്‍ വാർത്തകള്‍ പുറംലോകമറിഞ്ഞത്.വിവാഹസമയത്തും വലിയ വിവാദങ്ങള്‍ ഹൻസികയെ തേടിയെത്തിയിരുന്നു. ഹൻസികയുടെ ഉറ്റസുഹൃത്തിന്റെ മുൻഭർത്താവായിരുന്നു സൊഹൈല്‍ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാല്‍ തന്റെ സഹോദരന്റെ സുഹൃത്തായ സൊഹൈലിനെ വർഷങ്ങളായി അറിയാമെന്നും തന്നെ വില്ലത്തിയാക്കാൻ ശ്രമിക്കരുതെന്നും അന്ന് താരം പ്രതികരിച്ചിരുന്നു. എല്ലാ വിവാദങ്ങള്‍ക്കും ഒടുവില്‍ സമാധാനപരമായ വേർപിരിയലിലൂടെ തന്റെ ദാമ്പത്യ ജീവിതത്തിന് ഹൻസിക ഇപ്പോള്‍ തിരശ്ശീലയിട്ടിരിക്കുകയാണ്.
നടി ഹൻസിക മോട്വാനിയും ഭർത്താവ് സൊഹൈല്‍ കതൂരിയയും ഔദ്യോഗികമായി വിവാഹമോചിതരായി
