എ ഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ ജാമ്യം സ്റ്റേ ചെയ്ത നടപടി നീക്കി ഡല്‍ഹി ഹൈക്കോടതി.കഴിഞ്ഞ ശനിയാഴ്ച ചിബിന് ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും അതേദിവസം തന്നെ സെഷൻസ് കോടതി ആ നടപടി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് ചിബ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.പ്രത്യേക കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയാണ് സെഷൻസ് കോടതി ജാമ്യം സ്റ്റേ ചെയ്തതെന്ന് ജസ്റ്റീസ് സൗരഭ് ബാനർജി നിരീക്ഷിച്ചു. അപൂർവവും അസാധാരണവുമായ കേസുകളില്‍ മാത്രമേ ജാമ്യം സ്റ്റേ ചെയ്യാറുള്ളൂവെന്ന് സെഷൻസ് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ആ കാരണം എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്ന് വിഷയത്തില്‍ തീരുമാനം ആകുന്നതുവരെ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ചിബിന്റെ അഭിഭാഷകരെ കേള്‍ക്കാതെയാണ് ജാമ്യം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സെഷൻസ് കോടതി പാസാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ജാമ്യം സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീക്കി
