ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പ്രതികളായ പോലീസുകാരെ വെറുതെ വിട്ടു, വധശിക്ഷയും റദ്ദാക്കി; അന്വേഷണത്തില്‍ വീഴ്ചയെന്ന് കോടതി

Oplus_16908288

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ എല്ലാ പോലീസുകാരെയും വെറുതെ വിട്ട് ഹൈക്കോടതി.അന്വേഷണത്തില്‍ സി.ബി.ഐക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. കേസില്‍ ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്.2005 സെപ്റ്റംബര്‍ 27-ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) മരിച്ചത്. ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഉച്ചക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ക്രൂരമായ മർദനങ്ങള്‍ക്ക് ഇരയായി രാത്രി എട്ടുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉരുട്ടിക്കൊലയെന്ന് പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. രാഷ്‌ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ആദ്യം ലോക്കല്‍ പോലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ആഗസ്റ്റിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.പോലീസുകാരായിരുന്ന കെ. ജിതകുമാർ, എസ്.വി. ശ്രീകുമാർ, ഡിവൈ.എസ്.പിയായ അജിത് കുമാർ, മുൻ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികള്‍. ഇതില്‍ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി 2018ല്‍ വധശിക്ഷ വിധിച്ചു. ഇതില്‍ ശ്രീകുമാർ 2020ല്‍ മരിച്ചു.ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 13 വർഷത്തിനു ശേഷം 2018ലാണ് പോലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. എന്നാല്‍ മുഴുവൻ പോലീസുകാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയാണ് മരണത്തിന് 20 വര്‍ഷത്തിനു ശേഷം പുറത്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *