മുൻവൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടില്‍ വീട്ടില്‍ ജിജിമോനെയാണ് (62) ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസ് ശിക്ഷിച്ചത്. 2022 മെയ് 13ന് പകല്‍ രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം.കുട്ടമ്പേരൂർ ആറിന് മുകളില്‍ കൂടി വെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെയുള്ള കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോമില്‍ വെച്ചായിരുന്നു പ്രതി സ്ത്രീയെ ആക്രമിച്ചത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഹരോള്‍ഡ് ജോർജാണ് കേസില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടറായിരുന്ന ജി സുരേഷ് കുമാർ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി.
മുൻവൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി
