സംവിധായകൻ ഷംസുദ്ദീന്റെ അറസ്റ്റില്‍ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം . രാത്രി വാതില്‍ പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു .എല്ലാ കേസിലും ഇതുപോലെ തന്നെ ആണോ പ്രവർത്തിക്കുന്നത് . സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലെ പ്രതികളെയും ഇങ്ങനെ പിടികൂടാറുണ്ടോയെന്നും കോടതി ചോദിച്ചു. ഹില്‍പാലസ് എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും തൃപ്പുണിത്തുറ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.നിർമാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് ഇന്നലെ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്തത്. അഭിലാഷം എന്ന സിനിമക്ക് 2.25 കോടി രൂപ ചെലവാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി എന്നാല്‍ ഷൂട്ടിങ് തുടങ്ങിയശേഷം ചെലവ് കരാറില്‍ പറഞ്ഞ തുകയേക്കാള്‍ കൂടി. അനാവശ്യമായ കാലതാമസമുണ്ടാക്കിയതിലൂടെ 3.25 കോടി രൂപയായി ചെലവ് ഉയർന്നുവെന്ന് നിർമാതാവിന്റെ പരാതിയില്‍ പറയുന്നു.ഷംസുദ്ദീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട അഞ്ച് പേർ കൂടി കേസില്‍ പ്രതികളാണ്. നിലവില്‍ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിർമാതാവും സാങ്കേതിക വിദഗ്ധരും തമ്മില്‍ പ്രതിഫലം ഉള്‍പ്പെടെയുള്ള തർക്കങ്ങള്‍ ഉണ്ടായതായും ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ഛായാഗ്രാഹകൻ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നല്‍കാമെന്ന് നിർമാതാവ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് അസോസിയേഷൻ വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു.
‘രാത്രി വാതില്‍ പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു’; സംവിധായകൻ ഷംസുദ്ദീന്റെ അറസ്റ്റില്‍ പൊലീസിനെതിരെ കോടതി
