ബെംഗളൂരു: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഏതാനും മാധ്യമങ്ങളിലെ വാർത്തകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന് പിഴയിട്ട് ബെംഗളൂരു കോടതി. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്. നീക്കിയ വാർത്തകൾ സംബന്ധിച്ച ലിങ്കുകൾ ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാരെക്കുറിച്ചുള്ള വാർത്തകൾക്കെതിരേയാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി നൽകിയത്. വാർത്തകൾ നീക്കാൻ നേരത്തേ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. പിന്നീട് എതിർ കക്ഷികൾ കേസുകളുടെ കൂടുതൽ തെളിവുകളുമായി കോടതിയെ സമീപിച്ചതോടെ ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടിവി അനുമതി തേടി. പതിനായിരം രൂപ പിഴയിട്ട് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
വാർത്താവിലക്ക്: ഹർജി നൽകിയ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് ബെംഗളൂരു കോടതി
