ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമ്മൻസുകള്‍ അവഗണിച്ചെന്ന പരാതിയില്‍ മുൻ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കി.ഉദ്യോഗസ്ഥരുടെ ഉത്തരവ് മനഃപൂർവം ലംഘിച്ചു എന്നാരോപിച്ച് ഇ.ഡി ഫയല്‍ ചെയ്ത രണ്ട് ക്രിമിനല്‍ കേസുകളിലാണ് ഡല്‍ഹി കോടതിയുടെ ഈ നിർണ്ണായക വിധി.ഹാജരാകാതിരിക്കുന്നത് എല്ലായ്‌പ്പോഴും മനഃപൂർവമുള്ള നിയമലംഘനമായി കാണാനാവില്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരസ് ദലാല്‍ നിരീക്ഷിച്ചു. സത്യമേവ ജയതേ എന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ കെജ്‌രിവാളിന്റെ പ്രതികരണം.ഇമെയില്‍ വഴി സമ്മൻസ് അയക്കുന്നത് സി.ആർ.പി.സി പ്രകാരമോ പി.എം.എല്‍.എ (PMLA) നിയമങ്ങള്‍ പ്രകാരമോ ഉള്ള കൃത്യമായ രീതിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മൻസുകള്‍ നേരിട്ട് കൈമാറണമെന്നും അത് കൈപ്പറ്റിയെന്ന് ഉറപ്പുവരുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്.ഇമെയില്‍ വഴി സമ്മൻസ് അയച്ചതിന് മതിയായ തെളിവുകള്‍ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചില്ല. സാക്ഷികള്‍ നല്‍കിയ ഇമെയില്‍ രേഖകളില്‍ മെസേജ് ഐഡി, തീയതി, സമയം തുടങ്ങിയ അവശ്യവിവരങ്ങള്‍ കൃത്യമായിരുന്നില്ല.പി.എം.എല്‍.എ നിയമത്തില്‍ സമ്മൻസ് അയക്കുന്ന രീതിയെക്കുറിച്ച് വ്യക്തമായി പറയാത്ത സാഹചര്യത്തില്‍ ഇ.ഡിക്ക് സ്വന്തം ഇഷ്ടപ്രകാരം രീതികള്‍ നിശ്ചയിക്കാനാവില്ലെന്നും പകരം സി.ആർ.പി.സി നിയമങ്ങള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.മദ്യനയ കേസുമായി ബന്ധപ്പെട്ട് ആറ് തവണ ഇ.ഡി സമ്മൻസ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതിനെതിരെ ഐ.പി.സി സെക്ഷൻ 174 പ്രകാരമാണ് ഇ.ഡി കേസെടുത്തത്. എന്നാല്‍, മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവ്വഹണവും വിവിധ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തിരക്കുകളും കാരണമാണ് ഹാജരാകാൻ കഴിയാത്തതെന്ന് കെജ്‌രിവാള്‍ കോടതിയില്‍ ബോധിപ്പിച്ചു. കൂടാതെ, രാഷ്ട്രീയമായി വേട്ടയാടാനാണ് സമ്മൻസുകള്‍ അയച്ചതെന്നും അദ്ദേഹം വാദിച്ചു.കെജ്‌രിവാളിനൊപ്പം സമാനമായ കേസില്‍ പ്രതിയായിരുന്ന എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാനെയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട കേസിലായിരുന്നു അദ്ദേഹത്തിനെതിരെ സമ്മൻസ് ലംഘിച്ചതിന് കേസെടുത്തിരുന്നത്.ഈ വിധി ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അന്വേഷണ ഏജൻസികള്‍ നിയമവിരുദ്ധമായ രീതികളാണ് സ്വീകരിക്കുന്നതെന്ന തങ്ങളുടെ വാദം കോടതി ശരിവെച്ചതായി പാർട്ടി നേതൃത്വം പ്രതികരിച്ചു.
സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കി
