സജിത കൊല കേസ്: ‘കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല’; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

Oplus_16908288

നെന്മാറ സജിത വധക്കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. കൂടാതെ മൂന്നേകാല്‍ലക്ഷം രൂപ പിഴയടക്കണം.പാലക്കാട് സെഷൻസ് കോടതിയുടേതാണ് വിധി. എല്ലാ ശിക്ഷയും ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. അപൂർവങ്ങളില്‍ അപൂർവമായ കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമര പിഴ അടക്കുമെന്ന് പ്രതീക്ഷയില്ല. ജാമ്യം നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.വിധി കേട്ടിട്ടും പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. വിധിയില്‍ സന്തോഷമുണ്ടെന്ന് നെന്മാറ എംഎല്‍എ കെ ബാബു പ്രതികരിച്ചു. പ്രത്യേകതരം മാനസികാവസ്ഥയാണ് ചെന്താമരയുടേതെന്നും ഈ വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിക്ക് പരോള്‍ പോലും നല്‍കരുതെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇരട്ടക്കൊല ഈ കേസുമായി കൂട്ടിക്കുഴക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് അപൂർവങ്ങളില്‍ അപൂ‌ർവ കേസല്ലെന്നും വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *