ദൈവമോ വിഗ്രഹമോ മനുഷ്യനെ ഉപദ്രവിക്കില്ല, തെറ്റായ വിശ്വാസങ്ങൾക്ക് സർക്കാർ വഴങ്ങരുത് –മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്ധവിശ്വാസങ്ങളോ ശാസ്ത്രീയമല്ലാത്ത പൊതുഭയങ്ങളോ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ പ്രവർത്തിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി‌. ചെന്നൈയിൽ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെടുത്തി സ്വകാര്യ വസതിയിൽനിന്ന് വിഗ്രഹങ്ങൾ നീക്കം ചെയ്ത സംഭവം പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം നടത്തിയത്. സമാധാനപരമായുള്ള സ്വകാര്യ വിഗ്രഹപൂജ മറ്റുള്ളവർക്ക് തടസ്സപ്പെടുത്താൻ കഴിയില്ലെന്നും അത്തരം പ്രവൃത്തികൾക്കെതിരായ പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് മുന്നിൽ സംസ്ഥാനത്തിന് വഴങ്ങിക്കൊടുക്കാനാകില്ലെന്നും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി നിരീക്ഷിച്ചു.എ. കാർത്തിക് എന്ന വ്യക്തി ചെന്നൈയിലെ താമസസ്ഥലത്ത് സ്ഥാപിച്ച ശിവശക്തി ദക്ഷിണേശ്വരി, വിനായകൻ, വീരഭദ്രൻ എന്നീ ദേവതകളുടെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. കാർത്തിക്കിൻ്റെ വിഗ്രഹപൂജ സ്വകാര്യമായിരുന്നെങ്കിലും അയൽക്കാർക്കും താൽപര്യമുള്ള ഭക്തർക്കും പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. കാർത്തിക്കിന്റെ താമസസ്ഥലത്ത് നടന്ന “അസ്വാഭാവിക മരണങ്ങൾ” വിഗ്രഹപ്രതിഷ്ഠയുമായും അവിടെ നടന്ന പൂജകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താമസക്കാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് പ്രാദേശിക അധികൃതർ വിഗ്രഹങ്ങൾ നീക്കം ചെയ്തത്.

അധികാരികളുടെ നടപടി നിയമത്തിൻ്റെയോ ഭക്തി’യുടെയോ ശാസ്ത്രത്തിൻ്റെയോ തത്വങ്ങളുടെയോ പിന്തുണയില്ലാത്തതാണ് എന്നും പൊതുജനങ്ങളിൽ ശാസ്ത്രീയമായ ചിന്ത വളർത്താൻ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഏപ്രിൽ 3, 2025 ലെ ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചു. അതുകൊണ്ട്, വിഗ്രഹങ്ങൾ ഹർജിക്കാരന് തിരികെ നൽകാൻ കോടതി നിർദേശിച്ചു. എന്നാൽ അവയുടെ പൂജകളിൽ ലൗഡ്സ്പീക്കറുകൾ, ശബ്ദമലിനീകരണം, അയൽക്കാർക്ക് ശല്യം, പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കൽ എന്നിവ ഉണ്ടാകരുത് എന്നാൽ, വിഗ്രഹങ്ങൾ തിരികെ നൽകുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കാർത്തിക് പിന്നീട് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. വിഗ്രഹങ്ങൾ വീണ്ടും സ്ഥാപിക്കുകയാണെങ്കിൽ തൻ്റെ സ്വത്തുക്കൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് പ്രാദേശിക താമസക്കാർ ഭീഷണിപ്പെടുത്തുന്നതായും അതിനാൽ പോലീസിൻ്റെ സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. താമസസ്ഥലം നിർമ്മിക്കാൻ മാത്രമാണ് ഹർജിക്കാരന് അനുമതിയുണ്ടായിരുന്നതെന്നും അനുമതിയില്ലാതെ അത് ക്ഷേത്രമാക്കി മാറ്റിയെന്നും സംസ്ഥാനം വാദിച്ചു. രാത്രിസമയങ്ങളിൽ ഉൾപ്പെടെ പൂജകൾ നടത്തുന്നതും അതുവഴി അയൽവാസികൾക്ക് ശല്യമുണ്ടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നതായും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

വിഗ്രഹങ്ങൾ ഹർജിക്കാരന് അവകാശപ്പെട്ടതാണെന്നും അതിനാൽ, വിഗ്രഹങ്ങൾ ഉടനടി പുനഃസ്ഥാപിക്കണമെന്നും ജസ്റ്റിസ് ചക്രവർത്തി ഉത്തരവിട്ടു. തഹസിൽദാരുടെ ഓഫീസിൽ പോയി വിഗ്രഹങ്ങൾ ശേഖരിക്കാൻ ഹർജിക്കാരനോട് നിർദേശിക്കുകയും അതനുസരിച്ച് വിഗ്രഹങ്ങൾ ഹർജിക്കാരന് കൈമാറുകയും ചെയ്തു. അധികൃതർ അവകാശപ്പെടുന്നതുപോലെ ഹർജിക്കാരൻ്റെ പരിസരത്ത് അനധികൃത നിർമ്മാണങ്ങളുണ്ടെങ്കിൽ നിയമത്തിനനുസരിച്ച് അവയെ സ്വതന്ത്രമായി കൈകാര്യം ചെയ്യാമെന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം, അന്ധവിശ്വാസങ്ങൾ നയിക്കുന്ന ഭരണത്തിനെതിരെ കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *