വ്യാജവാര്‍ത്ത നല്‍കിയ സീ ന്യൂസിന് പിഴയിട്ട് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാൻഡേര്‍ഡ് അതോറിറ്റി

ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ട്രക്ക് ഡ്രൈവർ നമസ്കരിച്ചത് മൂലമാണെന്ന വ്യാജവാര്‍ത്ത നല്‍കിയതിന് സീ ന്യൂസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റല്‍ സ്റ്റാൻഡേർഡ് അതോറിറ്റിയാണ്(എന്‍ബിഡിഎസ്‌എ) പിഴ ചുമത്തിയത്. ഹൈവേയുടെ നടുവില്‍ മുസ്‌ലിം ട്രക്ക് ഡ്രൈവർ നമസ്കരിക്കാൻ വാഹനം നിർത്തിയെന്നും ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി എന്നുമായിരുന്നു ചാനല്‍ സംപ്രേഷണം ചെയ്തിരുന്നത്.സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വീഡിയോയുടെ ആധികാരികത പരിശോധിക്കാതെ സീ ന്യൂസ് വ്യാജവാര്‍ത്ത നല്‍കുകയായിരുന്നു. 2025 മാര്‍ച്ച്‌ 3,4തിയ്യതികളില്‍ ”ട്രക്ക് പര്‍ നമാസ്, ജമ്മുവില്‍ പുതിയ ബഹളം” എന്ന തലക്കെട്ടില്‍ സീ ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്.എന്നാല്‍ മോശം കാലാവസ്ഥയും മണ്ണിടിച്ചിലുമാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് ഫാക്‌ട് ചെക്കുകളിലൂടെയും ട്രാഫിക് അറിയിപ്പുകളിലൂടെയും കണ്ടെത്തിയിരുന്നു. സാധാരണഗതിയിലുള്ള ഒരു ഗതാഗത തടസമാണ് വർഗീയ നിറം നല്‍കി ചാനല്‍ സംപ്രേഷണം ചെയ്തത്. അതേസമയം വീഡിയോ വൈറലായിരുന്നുവെന്നും, അതിന്റെ ആധികാരികത സ്ഥിരീകരിക്കാത്തതാണെന്ന് സംപ്രേഷണ സമയത്ത് വ്യക്തമാക്കിയിരുന്നുവെന്നും സീ ന്യൂസ് അറിയിച്ചു. പിന്നീട് വീഡിയോ വ്യാജമാണെന്ന് വ്യക്തമായതോടെ അത് നീക്കം ചെയ്തതായും ചാനല്‍ വിശദീകരിച്ചു.എന്നാല്‍ സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ ഉള്ളടക്കം ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് പെരുമാറ്റച്ചട്ടത്തിലെ ‘കൃത്യത’ എന്ന തത്വത്തിന്റെ ലംഘനമാണെന്നും എന്‍ബിഡിഎസ്‌എ വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍ കൂടുതല്‍ പിഴ ചുമത്താമായിരുന്നുവെങ്കിലും, പിന്നീട് വീഡിയോ നീക്കം ചെയ്ത കാര്യം പരിഗണിച്ചാണ് 1 ലക്ഷം പിഴ വിധിച്ചതെന്നും അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *