ലഡാക്കിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കി കേന്ദ്ര സർക്കാർ.ആറ് മാസത്തോളം തടങ്കലില്‍ കഴിഞ്ഞതിനു പിന്നാലെയാണിത്. കരുതല്‍ തടങ്കല്‍ ചോദ്യംചെയ്ത് വാങ്ചുക്കിന്റെ ഭാര്യ ഡോ. ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം അന്തിമഘട്ടത്തിലെത്തി നില്‍ക്കവെയാണ് കരുതല്‍ തടങ്കല്‍ പിൻവലിച്ചിരിക്കുന്നത്. നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാവുന്നതിന്റെ പരമാവധി കാലത്തിന്റെ പകുതിയോടടുത്ത് തടങ്കലില്‍ കഴിഞ്ഞത് പരിഗണിച്ചാണ് തടങ്കല്‍ ഉത്തരവ് പിൻവലിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലഡാക്കിനോടുള്ള അവഗണനയ്ക്കെതിരായ പ്രക്ഷോഭത്തിനു പിന്നാലെ കലാപത്തിന് പ്രേരണ നല്‍കിയെന്ന് ആരോപിച്ചായിരുന്നു സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 മുതല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. ഗീതാഞ്ജലിയുടെ ഹരജി കോടതി 17ന് പരിഗണിക്കാനിരിക്കുകയാണ്.
സോനം വാങ്ചുക്കിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി കേന്ദ്രം
