ഉത്തർപ്രദേശിലെ മുസഫർനഗറില്‍ 2013ലുണ്ടായ മുസ്ലിംവിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ട 23 പേരെ കോടതി വെറുതെവിട്ടു.മുഹമ്മദ്പൂർ റൈസിങ് ഗ്രാമത്തില്‍ നടന്ന കൊലപാതകം, തീവയ്പ്പ്, കൊള്ളിവയ്പ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെയാണ് പത്തു വർഷത്തിലേറെ നീണ്ടുനിന്ന നിയമനടപടികള്‍ക്ക് ശേഷം മുസഫർനഗർ ജില്ലാ കോടതി വെറുതെവിട്ടത്. കേസിലെ കുറ്റാരോപിതർക്കെതിരേയുള്ള തെളിവുകള്‍ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ഡി കനിഷ്ക് കുമാർ സിങ് നിരീക്ഷിച്ചു.2013 സെപ്റ്റംബർ ഏഴിന് മുഹമ്മദ്പൂർ റൈസിങ് ഗ്രാമത്തില്‍ അക്രമികള്‍ അതിക്രമിച്ചു കയറുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്തതായാണ് കേസ്. കലാപത്തിനിടെ അക്രമികള്‍ കൊലപ്പെടുത്തിയ റഹീസുദ്ദീൻ എന്നയാളുടെ മകൻ ഹനീ ഫല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.ആദ്യം 1,300 അജ്ഞാതർക്കെതിരേയായിരുന്നു കേസെങ്കിലും പിന്നീട് 27 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പൊലിസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണാവേളയില്‍ നാല് പ്രതികള്‍ മരിച്ചതിനെത്തുടർന്നാണ് 23 പേരായി ചുരുങ്ങിയത്. വിക്കി, ബാദല്‍, മദൻ, ജയനാരായണൻ തുടങ്ങിയ 23 പേരെയാണ് കോടതി ഇപ്പോള്‍ കുറ്റവിമുക്തരാക്കിയത്.സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യവും കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അഭാവവും പ്രതികള്‍ക്ക് അനുകൂലമായി. 2013ല്‍ മുസഫർനഗറിലും സമീപ പ്രദേശങ്ങളിലുമുണ്ടായ കലാപത്തില്‍ 60ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. കലാപക്കേസില്‍ പ്രതിചേർക്കപ്പെട്ട മുതിർന്ന സംഘ്പരിവാർ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി വലിയ വിവാദമായിരുന്നു.
മുസഫര്‍ നഗര്‍ കലാപം; 23 പ്രതികളെ വെറുതെവിട്ടു
