സമീപകാലത്ത് വാർത്തകളിൽ കുരുന്നുകളെ കൊലചെയ്യുന്ന ഒട്ടേറെ സംഭവവികാസങ്ങൾ നാം കണ്ടിട്ടുണ്ട്. യാതൊരു തെറ്റും ചെയ്യാത്ത, ഈ സമൂഹത്തെ അറിയുക പോലും ചെയ്യാത്ത കുരുന്നുകളെയാണ് കണ്ണിൽ ചോരയില്ലാതെ താലോലിക്കേണ്ടവർ തച്ചുടയ്ക്കുന്നത്. അതേസമയം തന്നെ പിഞ്ചോമനകളെ താലോലിക്കുവാൻ ഭാഗ്യം ലഭിക്കാതെ പ്രാർത്ഥനകളും ചികിത്സകളുമായി മുന്നോട്ടുപോകുന്നവരും ഏറെയുണ്ട് നമ്മുടെ സമൂഹത്തിൽ. ആരോരുമില്ലാത്ത കുട്ടികളെ ദത്തെടുത്ത് വളർത്തുവാൻ നമ്മുടെ നാട്ടിൽ കഴിയുന്നതാണ്. പലർക്കും അതിന്റെ നിയമവശങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണകൾ ഇല്ലെന്ന് വേണം പറയുവാൻ. നിയമപ്രകാരം അനാഥരും മാതാപിതാക്കള്‍ ഉപേക്ഷിച്ചവരും ഏല്‍പിച്ചുകൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ CARA (Central Adoption Resource Authority) മാര്‍ഗനിര്‍ദേശം പ്രകാരം ദത്തെടുക്കാന്‍ കഴിയുന്നത്. ദത്തെടുക്കലിന് ഇന്ത്യയിലൊട്ടാകെ ഒരു മാനദണ്ഡവും നിയമവുമാണ് നിലവിലുള്ളത്. ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവുമുള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തം മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാവുന്നതാണ്. വിവാഹം കഴിഞ്ഞവർ ആണെങ്കിൽ രണ്ടുവര്‍ഷത്തിനുശേഷമാണ് ദത്തെടുക്കാനുള്ള അനുമതി ലഭിക്കുക. ഒട്ടേറെ തവണ കൗണ്‍സിലിങ് നടത്തി നേരിട്ട് സംസാരിച്ചതിനുശേഷം ദത്തെടുക്കുന്നവരുടെ ചുറ്റുപാടുകളും ആരോഗ്യസ്ഥിതിയും മറ്റേതെങ്കിലും ബന്ധങ്ങളുള്ളവരാണോ എന്നൊക്കെ അന്വേഷിച്ചതിനുശേഷമാണ് ദത്തെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകുവാൻ കഴിയുക.
ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിലോ അല്ലെങ്കില്‍ അമ്മതൊട്ടിലിലോ കണ്ടെത്തിയാല്‍ ആ കുഞ്ഞിന്റെ പേരില്‍ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം. സാധാരണഗതിയിൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ബോധപൂർവം കുഞ്ഞിനെ ദത്തുനൽകാൻ അനുമതി നൽകി കഴിഞ്ഞാൽ പിന്നീട് കുഞ്ഞിനെ അവർക്കുതന്നെ തിരികെ ലഭിക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതിന് നിലവില്‍ മുന്‍ഗണനകളൊന്നും നിശ്ചിയിച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്തിന്റെ ക്രമത്തിലും വയസ്സ്, ലിംഗം, തെരഞ്ഞെടുപ്പ്, കുട്ടികള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിലുമാണ് ദത്തുനല്‍കുക. ഉദാഹരണത്തിന് ഒരു വയസ്സുള്ള കുട്ടിക്കുവേണ്ടിയും നാലു വയസ്സുള്ള കുട്ടിക്കുവേണ്ടിയും രണ്ട് പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്നിരിക്കട്ടെ. ആദ്യം രജിസ്റ്റര്‍ ചെയ്തത് ഒരു വയസ്സുള്ള കുട്ടിക്കുവേണ്ടിയാണെങ്കില്‍ പോലും നാലു വയസ്സുള്ള കുട്ടിയാണ് ആദ്യം ലഭ്യമാകുന്നതെങ്കില്‍ ആ കുട്ടിയെയായിരിക്കും ആദ്യം നല്‍കുക. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്ക് ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ജീവന് ഭീഷണിയുള്ള രോഗങ്ങളില്ലാത്തവരും ആയിരിക്കണം, സ്ത്രീകള്‍ക്ക് ഏതു കുട്ടിയെയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍, പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമെ ദത്തെടുക്കാന്‍ കഴിയുകയുള്ളൂ, വിവാഹിതരായ ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കല്‍ നടപടിക്ക് ആവശ്യമാണ്, വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്കു മാത്രമെ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ, മൂന്ന് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല, കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്, ദമ്പതികളുടെ രജിസ്ട്രേഷന്‍ സമയത്തെ പ്രായമാണ് ദത്തെടുക്കലിന് പരിഗണിക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട മാനദണ്ഡങ്ങൾ. ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ മാതാപിതാക്കള്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. രാജ്യത്തിന് അകത്തെയും രാജ്യത്തിന് പുറത്തെയും ദത്തെടുക്കാൻ രീതികളെ രണ്ടായാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍ നടപടികളിൽ ദത്തെടുക്കുന്ന ദമ്പതികളോ വ്യക്തിയോ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ പേര് രജിസ്ട്രര്‍ ചെയ്യേണ്ടതുണ്ട്. ഒരു യോഗ്യനായ സാമൂഹികപ്രവര്‍ത്തകനെ കൊണ്ട് ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ, ദമ്പതികളുടേയോ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കണം. കൂടാതെ ദത്തെടുക്കലിന്റെ മാനസിക തയ്യാറെടുപ്പിലേക്കായി അവരെ കൗണ്‍സിലിങ്ങിനു വിധേയരാക്കണം. ദത്തെടുക്കാനുദ്ദേശിക്കുന്ന വ്യക്തിയോ ദമ്പതികളോ അവരുടെ ആരോഗ്യവും സാമ്പത്തികവുമായ നില വ്യക്തമാക്കുന്ന രേഖകള്‍ ഏജന്‍സി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അനുയോജ്യനായ കുട്ടിയെ ദമ്പതിമാര്‍ക്കോ, വ്യക്തിക്കോ കാണിച്ചുകൊടുക്കാവുന്നതാണ്. കുട്ടിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഏജന്‍സി കോടതിയിലോ ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിലോ ഹര്‍ജി ഫയല്‍ ചെയ്ത് ഉത്തരവ് നേടേണ്ടതും പിന്നീട് കുട്ടിയുടെ കസ്റ്റഡി ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാര്‍ക്കോ വ്യക്തിക്കോ നല്‍കേണ്ടതാണ്.
രാജ്യത്തിന് പുറത്തുനിന്നുള്ള ദത്തെടുക്കലിന് ദമ്പതികളുടെ അടക്കം എല്ലാ രേഖകളും ഹാജരാക്കേണ്ടി വരുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴില്‍ സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമാണ് CARA. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണിത്. അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നല്‍കുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിവഴിയാണ് ദത്ത് നല്‍കുക. ദത്തെടുക്കപ്പെടാന്‍ യോഗ്യരായ കുട്ടികളുടെ വിവരം ശേഖരിക്കുക, ദത്തെടുക്കലിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, ദത്തെടുക്കലിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുക ഇവയാണ് CARA യുടെ ചുമതലകള്‍. CARA ലൈസന്‍സ് ഉള്ള ഇരുപതോളം ദത്തെടുക്കൽ ഏജൻസികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. പറഞ്ഞുവരുന്നത്, ഒരു കുട്ടിയെ ദത്തെടുക്കുവാൻ ആരെങ്കിലും ആഗ്രഹിച്ചാൽ അതത്ര ദുഷ്കരമായ കാര്യമൊന്നുമല്ല. നിയമങ്ങൾ ലളിതം തന്നെയാണ്. ആ നിയമങ്ങളിൽ കൃത്യമായ അവബോധം ഉണ്ടായാൽ മാത്രം മതി.