സഹപ്രവർത്തകയുടെ മുടിയെപ്പറ്റി വർണിയ്ക്കുന്നതും പാടുന്നതും ലൈംഗികാതിക്രമമല്ല: നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

സഹപ്രവർത്തകയുടെ മുടിയെപ്പറ്റി വർണിയ്ക്കുന്നതും പാടുന്നതും ലൈംഗികാതിക്രമമല്ല എന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. ബാങ്ക് ജീവനക്കാരനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ആഭ്യന്തര പരിഹാര കമ്മറ്റിയിലാണ് സഹപ്രവർത്തകനായ വിനോദ് നാരായൺ കച്ചാവെയ്ക്കെതിരെ യുവതി ആദ്യം പരാതിപ്പെട്ടത്. തൊഴിലിടത്തെ ലൈംഗികാതിക്രമ വകുപ്പനുസരിച്ചാണ് പരാതി രജിസ്റ്റർ ചെയ്തത്. എന്നാൽ, ഇത് ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച നിരീക്ഷിച്ചു. ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജാണ് കേസ് പരിഗണിച്ചത്.2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിശീലന പരിപാടിക്കിടെ ഒരു വനിതാ ജീവനക്കാരി തുടരെ മുടി ശരിയാക്കുന്നത് ശ്രദ്ധയിൽ പെട്ട കച്ചാവെ മുടിയെപ്പറ്റി വർണിക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ചാലും നിങ്ങൾ മുടി ശരിയാക്കുന്നത് എന്ന് പറഞ്ഞ ഇയാൾ മുഹമ്മദ് റഫിയുടെ ‘യേ രശ്മി സുൽഫേൻ’ എന്ന പാട്ടിൻ്റെ ചില വരികൾ പാടുകയും ചെയ്തു.

ഇതിനെതിരെയാണ് വനിതാ ജീവനക്കാരി പരാതിനൽകിയത്. തുടർന്ന് ഇവർ ജോലി രാജിവക്കുകയും ചെയ്തു.പരാതിലഭിച്ചതിനെ തുടർന്ന് അസോസിയേറ്റ് റീജിയണൽ മാനേജറായിരുന്ന കച്ചാവെയെ ഡെപ്യൂട്ടി റീജിയണൽ മാനേജറായി തരം താഴ്ത്തി. 2022 ഒക്ടോബർ ഒന്നിനാണ് ഈ നടപടിയെടുത്തത്. മൂന്ന് വ്യത്യസ്ത പരാതികൾ ലഭിച്ചതിന് പിന്നാലെ ആഭ്യന്തര പരിഹാര കമ്മറ്റി അന്വേഷണം നടത്തി 2022 സെപ്തംബർ 30ന് റിപ്പോർട്ട് സമർപ്പിച്ചു. കച്ചാവെയുടെ പെരുമാറ്റം തൊഴിലിടത്തിൽ മോശം സാഹചര്യമുണ്ടാക്കിയെന്നായിരുന്നു ഐസിസിയുടെ കണ്ടെത്തൽ. പുരുഷ ജീവനക്കാരുടെ മുന്നിൽ വച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായുള്ള മറ്റൊരു പരാതിയും ഇയാൾക്കെതിരെ ലഭിച്ചു. ഇയാൾക്കെതിരായ ആരോപണങ്ങളൊക്കെ വിവിധ സാക്ഷികൾ വഴി സ്ഥിരീകരിച്ചു എന്ന് ഐസിസി പറഞ്ഞു. ഐസിസിയുടെ കണ്ടെത്തലുകളെ ഇൻഡസ്ട്രിയൽ കോടതി സ്ഥിരീകരിച്ചു. ഇതിനെതിരെ കച്ചാവെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ആരോപണങ്ങൾ സത്യമാണെങ്കിൽ പോലും ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന് പറയുക സാധ്യമല്ലെന്ന് ജസ്റ്റിസ് സന്ദീപ് വി മാർനെ പറഞ്ഞു. ഒരു സാധാരണ നിരീക്ഷണമാണ് പരാതിക്കാരൻ നടത്തിയതെന്നും ഇത് തെറ്റായി കാണാനാവില്ലെന്നും ഐസിസിയുടെ നടപടിയിൽ അശ്രദ്ധയുണ്ടായെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *