മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തണമെന്ന് ഉപഭോക്തൃ കോടതി

Oplus_16908288

മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.മള്‍ട്ടിപ്ളക്സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു എന്നും കൊച്ചിയിലെ PVR സിനിമാസിനെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്.പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കുകയും, ഉയർന്ന വിലയ്ക്ക് തിയേറ്ററിനുള്ളില്‍ നിന്ന് തന്നെ ഭക്ഷണം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുകയും ചെയ്യുന്നത് ഒരു അധാർമിക വ്യാപാരരീതിയാണെന്നാണ് പരാതിയില്‍ പറയുന്നത്.പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണെന്നും ഇത് സിനിമ കാണാൻ വരുന്ന എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും PVR സിനിമാസ് വാദിച്ചു. കൂടാതെ സിനിമ കാണാൻ വരുന്നവരുടെ സുരക്ഷ, സിനിമ ഹാളിലെ ശുചിത്വം , ഭക്ഷണം എന്ന പേരില്‍ ലഹരിവസ്തുക്കള്‍, തീപിടിക്കുന്ന വസ്തുക്കള്‍ പോലുള്ളവ കൊണ്ടുവരാനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ട സാധാരണവും ന്യായവുമായ ഒരു നിബന്ധനയാണ് ഇതെന്നും കമ്ബനി കോടതിയില്‍ ഉന്നയിച്ചു. ഭക്ഷണം വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും, ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി നല്‍കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.ആവശ്യത്തിന് സമയം ലഭ്യമാക്കിയിട്ടും പരാതിക്കാരൻ വേണ്ട തെളിവുകളോ സത്യവാങ്മൂലമോ ഹാജരാക്കിയില്ല എന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിയില്‍ പരാമർശിക്കുന്ന വിഷയങ്ങള്‍ തെളിയിക്കാനുള്ള ബാധ്യത ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിനാണെന്ന് പരാതി നിരാകരിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.സിനിമ തിയേറ്റർ ഉടമകള്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുപോവുന്നത് വിലക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവിനെയും കോടതി പരാമർശിച്ചു. പരാതി നിരാകരിച്ചെങ്കിലുംഎല്ലാ ഉപഭോക്താക്കള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം തടസ്സമില്ലാതെ സൗജന്യമായി നല്‍കുമെന്ന് PVR സിനിമാസ് രേഖാമൂലം കോടതിയില്‍ ഉറപ്പ് നല്‍കി. ഈ സൗകര്യം വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തണമെന്നും, സൗജന്യ കുടിവെള്ളം ലഭ്യമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കണമെന്നും കോടതി PVR സിനിമാസിന് നിർദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *