പുസ്തക വിവാദം: പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ എംടിയുടെ മകള്‍ അശ്വതി കോടതിയില്‍ മൊഴി നല്‍കി

എം ടി വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ എംടിയുടെ മകള്‍ അശ്വതിയുടെ മൊഴി കോടതി രേഖപ്പെടുത്തി.കോഴിക്കോട് സിജെഎം കോടതി 4 ആണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തകം പിൻവലിക്കണമെന്നും രചയിതാക്കള്‍ക്കും പ്രസാധകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അശ്വതി സമർപ്പിച്ച ഹർജിയിലാണ് നടപടി. കോടതി നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയ അശ്വതി പ്രതികരിക്കാൻ തയ്യാറായില്ല. പുസ്തകം എം ടി യെയും കുടുംബത്തെ അപമാനിക്കുന്നതെന്നാണ് അശ്വതി കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയിലുള്ളതെന്നാണ് വിവരം. ഇതിനായി പുസ്‌തകത്തിൻ്റെ പ്രസാധകരും എഴുത്തുകാരും ഗൂഢാലോചന നടത്തി. പുസ്തകത്തിൻ്റെ തലക്കെട്ടും ഡിസൈനും തൻ്റെ അച്ഛനായ എം ടി വാസുദേവൻ നായരെ മോശക്കാരനാക്കുന്നതാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് എഴുത്തുകാർ പുസ്‌തകം പ്രസിദ്ധീകരിച്ചതെന്നും അവർ കോടതിയില്‍ പറഞ്ഞതായാണ് വിവരം.ദീദി ദാമോദരൻ, എച്ച്‌മുക്കുട്ടി എന്നിവർ ചേർന്ന് എഴുതുകയും ‘ബുക്ക് വേം’ പ്രസിദ്ധീകരിക്കുകയും ചെയ്ത ‘എംറ്റി സ്പേസ് ബാഷ്‌പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പരാതി. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജവധം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് നിയമപരമായ നടപടികളിലേക്ക് കടന്നത്. നേരത്തെ പുസ്തകം പിൻവലിച്ച്‌ മാപ്പ് പറയാൻ പ്രസാധകരോടും എഴുത്തുകാരോടും ഇവർ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *