കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ അന്വേഷണം. വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് മലപ്പുറം എസ് പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം. എന്നാല്‍ പൂര്‍ണ്ണമായും തെറ്റാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്നായിരുന്നു റിപ്പോര്‍ട്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകളും പി വി അന്‍വര്‍ പുറത്തുവിട്ടിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് തിരിച്ചടി; ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് കോടതി തള്ളി
