ന്യൂഡല്‍ഹി : ഹൈകോടതികളില്‍ ഏഴ് ലക്ഷത്തിലധികം ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.ചെറിയ സംസ്ഥാനങ്ങളില്‍പോലും നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നതെന്നും ഹൈകോടതി ജഡ്ജി നിയമന ശിപാർശകള്‍ ഉടൻ തീർപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് നിർദേശിച്ചു.
ജാമ്യ നടപടിക്രമങ്ങളിലെ കാലതാമസവും വിചാരണത്തടവുകാരെ വേഗത്തില്‍ ജാമ്യത്തില്‍ വിടുന്നതും സംബന്ധിച്ച ഹരജി പരിഗണിക്കവേ ആയിരുന്നു ജഡ്ജിമാരായ അഭയ് എസ്. ഓഖ, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻറെ പ്രതികരണം.
ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ 2023ലെ നാല് ശിപാർശകളും 2024ല്‍ നല്‍കിയ 13 ശിപാർശകളും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ 24ന് നല്‍കിയ പുതിയ ശിപാർശകളും നടപ്പാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.