തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ലഭിച്ച 21,000ലേറെ പേർക്ക് വോട്ടുചെയ്യാനായില്ല. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി ആവശ്യമായ സൗകര്യമൊരുക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടതാണ് കാരണം.ഏപ്രിൽ ഒന്നുമുതൽ ഏഴുവരെയാണ് പോസ്റ്റൽ ബാലറ്റ് വഴി വോട്ടുചെയ്യാനുള്ള സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, പലയിടത്തും ബാലറ്റുവന്നത് നാലിനാണ്. രണ്ടുതവണയായി നടന്ന പരിശീലനത്തിൽ സൗകര്യമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിയവരിൽ ഭൂരിപക്ഷത്തിനും ബാലറ്റ് ലഭിച്ചില്ല. ഏപ്രിൽ എട്ടിന് ഒരുക്കിയ ക്രമീകരണവും ഫലം കണ്ടില്ല.വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏപ്രിൽ എട്ടിന് പകൽ രണ്ടിനകം മുഴുവൻ പേർക്കും പോസ്റ്റൽ ബാലറ്റ് ലഭിച്ചതായി ഉറപ്പുവരുത്താൻ കോടതി നിർദേശിച്ചു. എന്നാൽ 3.30ന് കോടതി വീണ്ടും ചേർന്നപ്പോൾ പോസ്റ്റൽ വോട്ടിന്റെ നിജസ്ഥിതി അവതരിപ്പിക്കാൻ കമീഷന് കഴിഞ്ഞില്ല. ഇതോടെ ആറുമണിവരെ ഹൈക്കോടതി സമയം അനുവദിച്ചു. എന്നാൽ, വോട്ടെടുപ്പ് ദിവസവും കണക്ക് പുറത്തുവിട്ടില്ല. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്നത് മുമ്പില്ലാത്തതാണ്. ബാലറ്റുകൾ ലഭ്യമാക്കി എല്ലാ മണ്ഡലങ്ങളിലും ഒരാഴ്ചക്കാലമെങ്കിലും ഫെസിലിറ്റേഷൻ സെന്ററുകൾ ഒരുക്കി ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് എഫ്എസ്ഇടിഒ പ്രസിഡന്റ് ടി കെ എ ഷാഫിയും ജനറൽ സെക്രട്ടറി എം വി ശശിധരനും ചീഫ് ഇലക്ടറൽ ഓഫീസറോട് ആവശ്യപ്പെട്ടു
21,000ലേറെ ജീവനക്കാർ; ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും
