ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച മുതിർന്ന ജഡ്ജിമാരുടെ മൂന്നംഗ സമിതി അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അന്വേഷണം ആരംഭിക്കും. ഈ മാസം ആദ്യം ഉണ്ടായ തീപിടുത്തത്തിന് ശേഷം ജസ്റ്റിസ് വർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത വലിയ തുക കണ്ടെടുത്തതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
എത്രയും വേഗം അന്വേഷണം നടത്താൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) സഞ്ജീവ് ഖന്ന മൂന്ന് കമ്മിറ്റി അംഗങ്ങൾക്കും ഔദ്യോഗികമായി കത്തെഴുതി.പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീയിൽ നാഗൂ, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസും മലയാളിയുമായ അനു ശിവരാമൻ എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി. അന്വേഷണത്തിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സമിതി സ്വതന്ത്രമായി തീരുമാനിക്കും.