മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; ലിസ്റ്റിൻ സ്റ്റീഫനെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി കോടതി

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ പ്രതിച്ചേർക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തില്‍ റിപ്പോർട്ട്‌ തേടി കോടതി.എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മരട് പൊലീസിനോട് റിപ്പോർട്ട് തേടിയത്. ലിസ്റ്റിൻ സ്റ്റീഫനെയും മറ്റ് മൂന്ന് പേരെയും കേസില്‍ പ്രതികളാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു വിചാരണകോടതിയെ പരാതിക്കാരൻ സമീപിച്ചിരുന്നതും.പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് ലിസ്റ്റിൻ സ്റ്റീഫന്റെ അക്കൗണ്ടില്‍ നിന്ന് 7 കോടി നല്‍കുകയും ദിവസങ്ങള്‍ക്ക് ശേഷം അത് 9 കോടിയായി തിരിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് മണി ലെൻഡിങ് ആക്‌ട് മണി ലോണ്ടറിംഗ് ആക്‌ട് പ്രകാരം ലിസ്റ്റിൻ അനധികൃതമായി പണമിടപാട് നടത്തിയെന്നാണ് പരാതിക്കാരന്റെ പ്രധാന വാദം.36% പലിശ ഈടാക്കി ഇത് മണി ലെൻഡിങ് ആക്ടിന് വിരുദ്ധമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ലിസ്റ്റിന് പുറമെ സുജിത് നായർ, മാർവാസീൻ എന്നിവരെയും പ്രതിച്ചേർക്കണം എന്നാണ് ആവശ്യം. മണി ലോണ്ടറിംഗ് ആക്‌ട് ലിസ്റ്റിനെതിരെ നില്‍ക്കുമെന്നാണ് പരാതിക്കാരൻ പറയുന്നത്.അതേസമയം, കോടതി റിപ്പോർട്ട് തേടിയ സംഭവത്തില്‍ ലിസ്റ്റിൻ സ്റ്റീഫൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു. ഉത്തരവിനെ പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പരിശോധിച്ചതിന് ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.നടൻ സൗബിൻ ഷാഹിർ, ബാബു ശാഹിർ, ഷോണ്‍ ആന്റണി എന്നിവരെ പ്രതിയാക്കി മരട് പൊലീസ് ആണ് കേസ് എടുത്തത്. കേസില്‍ ജാമ്യം ലഭിച്ച സൗബിനെ രണ്ടുദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം അന്വേഷണം മുന്നോട്ടു പോയില്ല. തുടർന്നാണ് പരാതിക്കാരൻ സിറാജ് വലിയതുറ ഡിജിപിയെ സമീപിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുതല്‍മുടക്കും ലാഭവിഹിതവും ലഭിച്ചില്ലെന്നാണ് സിറാജ് വലിയത്തുറയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *