കൊച്ചി: ഉയർന്ന കിലോ വോൾട്ട് വൈദ്യുതലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥർക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം പരിഗണിക്കാനാകുമോ എന്നത് ബന്ധപ്പെട്ട അതോറിറ്റി പരിശോധിക്കണമെന്ന് ഹൈക്കോടതി. വിഴിഞ്ഞം തുറമുഖത്തിനായി 220 കെവി വൈദ്യുതലൈൻ വലിച്ചതിനെത്തുടർന്ന് ഭൂമിയുടെ സ്വതന്ത്ര ഉപയോഗം തടസ്സപ്പെട്ട ഭൂവുടമകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു അഡ്വ. ടി.ആർ.എസ്. കുമാർ വഴി ഫയൽചെയ്ത ഹർജിയിലെ ആവശ്യം. എന്നാൽ, നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് പൊതുനിയമമായി ഭൂമി ഏറ്റെടുക്കൽ നിയമം ബാധകമാകുമോ എന്നത് ബന്ധപ്പെട്ട അതോറിറ്റിയാണ് പരിശോധിക്കേണ്ടതെന്ന് കോടതി വിലയിരുത്തി. എങ്ങനെയാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്ന് കോടതിക്ക് പറയാനാകില്ലെന്നും അഭിപ്രായപ്പെട്ട കോടതി ഹർജി തള്ളുകയും ചെയ്തു.ഉയർന്ന കെവി ലൈനുകൾ വലിക്കുന്നതിലൂടെ കാർഷികവിളകൾക്കുണ്ടാകുന്ന നഷ്ടത്തിനേ വൈദ്യുതിനിയമപ്രകാരം നിലവിൽ നഷ്ടപരിഹാരം ലഭിക്കൂ. ഭൂമി ഉപയോഗരഹിതമാകുന്നതിന്റെ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കെഎസ്ഇബി നൽകുന്ന നഷ്ടപരിഹാരം പര്യാപ്തമല്ലെങ്കിൽ കൂടുതൽ നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട ജില്ലാകോടതിയെയാണ് സമീപിക്കേണ്ടതെന്നും നിയമത്തിൽ പറയുന്നു.
വൈദ്യുതലൈൻ കടന്നുപോയാലുള്ള നഷ്ടം; ഭൂമിയേറ്റെടുക്കൽ നിയമം ബാധകമാകുമോയെന്ന് പരിശോധിക്കണം- ഹൈക്കോടതി
