കോടതിക്കുള്ളിൽ അഭിഭാഷകന് മർദ്ദനം; ഇത് ഗുണ്ടാരാജെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതിക്കുള്ളിൽ അഭിഭാഷകന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതിക്കുള്ളിലെ ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് ‘ഗുണ്ടാരാജിന്’ തുല്യമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.നിയമവാഴ്ചയുടെ പരാജയമാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴിന് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിന്റെ സാന്നിധ്യത്തിലാണ് മർദ്ദനം നടന്നതെന്ന് പരാതിക്കാരനായ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.കോടതി നടപടികൾക്കിടെ എതിർഭാഗം അഭിഭാഷകനും ഏതാനും ഗുണ്ടകളും ചേർന്ന് തന്നെയും കക്ഷിയെയും കോടതിമുറി അകത്തുനിന്ന് പൂട്ടിയ ശേഷം മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.ജഡ്ജിയുടെ സാന്നിധ്യത്തിൽ നടന്ന അതിക്രമത്തിൽ പൊലീസ് നടപടിയെടുക്കാൻ ഭയപ്പെടുകയാണെന്നും അഭിഭാഷകൻ ആരോപിച്ചു. സംഭവം അതീവ ഗൗരവത്തോടെ കണ്ട ചീഫ് ജസ്റ്റിസ്, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഔദ്യോഗികമായി പരാതി നൽകാൻ നിർദ്ദേശിച്ചു.പരാതിയുടെ പകർപ്പ് തനിക്ക് കൂടി അയക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ തലത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഷയം അന്വേഷിക്കുമെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *