ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതികളിലൊരാളായ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം അവസാനമാണ് അപ്പീലുമായി ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്ക് സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നും താൻ അയ്യപ്പ ഭക്തനാണെന്നുമാണ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹർജിയില്‍ ഗോവർധൻ വ്യക്തമാക്കിയിരിക്കുന്നത്. സ്വർണം തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതിയുണ്ടാക്കിയതിലും ആസൂത്രിത കൊള്ള നടത്തിയതിലും ഗോവർധന് പങ്കുണ്ടെന്ന എസ്‌ഐടി കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അതേസമയം, ശബരിമല സ്വർണക്കവർച്ചയില്‍ മൂന്ന് പേരെക്കൂടി പ്രതി ചേര്‍ക്കും. ദ്വാരപാലകക്കേസില്‍ രണ്ട് പേരുടെയും കട്ടിളപ്പാളിക്കേസില്‍ ഒരാളുടെയും പങ്ക് സ്ഥിരീകരിച്ചെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പാളികള്‍ മാറ്റിയോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനക്ക് സാംപിള്‍ ശേഖരിക്കാനും ഹൈക്കോടതി എസ്‌ഐടിക്ക് അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *