വാഹന ഡീലര്‍മാരുടെ പോരാട്ടം; 2500 കോടിയുടെ നികുതിക്കുരുക്ക്

രാജ്യത്തെ വാഹന ഡീലർമാർക്ക് വലിയ പ്രാധാന്യമുള്ള ഒരു നികുതി വിഷയത്തില്‍ നിർണായകമായ നിയമനടപടി ആരംഭിച്ച്‌ സുപ്രീം കോടതി ജിഎസ്‍ടി 2.0 നടപ്പിലാക്കിയതിനെത്തുടർന്ന് തടഞ്ഞുവച്ച 2,500 കോടിയില്‍ അധികം രൂപയുടെ നഷ്‍ടപരിഹാര സെസ് ക്രെഡിറ്റുകളില്‍ ഇളവ് തേടി രാജ്യത്തെ വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്‌എഡിഎ) സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. 2,500 കോടിയിലധികം മൂല്യമുള്ള കംപൻസേഷൻ സെസ് ക്രെഡിറ്റുകള്‍ ഉപയോഗിക്കാൻ കഴിയാതെ തടഞ്ഞുകിടക്കുന്നതാണ് ഹർജിയുടെ പ്രധാന വിഷയമായി ഉയർന്നിരിക്കുന്നത്.കേസില്‍ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കി. ഈ വിഷയത്തില്‍ അടുത്ത വാദം 2026 മാർച്ച്‌ 25-ന് നടത്തുമെന്ന് കോടതി അറിയിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വാഹന ഡീലർമാരുടെ സാമ്പത്തിക നിലയെ ബാധിക്കാവുന്ന കേസായതിനാല്‍ തന്നെ ഈ ഹർജി വ്യവസായ മേഖലയിലും വലിയ ശ്രദ്ധ നേടുന്നുണ്ട്.ജിഎസ്‍ടി 2.0 നടപ്പിലാക്കുന്നതിന് മുമ്പ് ഡീലർമാർ വലിയ തോതില്‍ വാഹന ഇൻവെന്ററി വാങ്ങിയിരുന്നു എന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻസ് സമർപ്പിച്ച ഹർജിയില്‍ പറയുന്നു. അന്ന് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഡീലർമാർ ജിഎസ്‍ടിക്ക് ഒപ്പം കംപൻസേഷൻ സെസും അടച്ചിരുന്നു. ഈ സെസ് പിന്നീട് ക്രെഡിറ്റ് ആയി കണക്കാക്കപ്പെടുകയും ഭാവിയില്‍ നികുതി ബാധ്യതകള്‍ക്ക് എതിരെ ഉപയോഗിക്കാവുന്നതുമായിരുന്നു എന്നാണ് സംഘടന വ്യക്തമാക്കുന്നത്.എന്നാല്‍ ജിഎസ്‍ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലായി. കംപൻസേഷൻ സെസ് ഒഴിവാക്കുകയും പല വാഹന വിഭാഗങ്ങളിലും ജിഎസ്‍ടി നിരക്കുകള്‍ കുറയ്ക്കുകയും ചെയ്തു. ഇതോടെ പഴയ നികുതി സംവിധാനത്തില്‍ വാങ്ങിയ വാഹനങ്ങളില്‍ നിന്നുള്ള സെസ് ക്രെഡിറ്റുകള്‍ ഉപയോഗിക്കാൻ ഡീലർമാർക്ക് സാധിക്കാത്ത അവസ്ഥ രൂപപ്പെട്ടു.എഫ്‌എഡിഎയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വാഹന ഡീലർ നെറ്റ്‌വർക്കിലുടനീളം 2,500 കോടിയിലധികം മൂല്യമുള്ള ക്രെഡിറ്റുകള്‍ ഇപ്പോള്‍ തടഞ്ഞ നിലയിലാണ്. ഈ തുക ഉപയോഗിക്കാൻ കഴിയാത്തത് ഡീലർഷിപ്പുകളുടെ പ്രവർത്തന മൂലധനത്തെ ബാധിക്കുന്നതായി സംഘടന പറയുന്നു. പ്രത്യേകിച്ച്‌ എംഎസ്‌എംഇ വിഭാഗത്തില്‍പ്പെടുന്ന ചെറിയയും ഇടത്തരം ഡീലർഷിപ്പുകളും ഈ പ്രശ്നം കാരണം കൂടുതല്‍ സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തില്‍ ഉപയോഗിക്കാനാകാത്ത കംപൻസേഷൻ സെസ് ക്രെഡിറ്റുകള്‍ മറ്റ് ജിഎസ്‍ടി ബാധ്യതകളോട് ക്രമീകരിക്കാൻ കഴിയുന്ന ഒരു ട്രാൻസിഷണല്‍ സംവിധാനം സർക്കാർ കൊണ്ടുവരണമെന്ന് എഫ്‌എഡിഎ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ ക്രെഡിറ്റുകള്‍ ഒടുവില്‍ എഴുതി തള്ളേണ്ടി വന്നാല്‍ ചെറിയ ഡീലർഷിപ്പുകള്‍ക്ക് പ്രവർത്തനം ചുരുക്കുകയോ അടയ്ക്കുകയോ ചെയ്യേണ്ടി വരാം എന്നും ഡീലർമാരുടെ സംഘടന അവകാശപ്പെടുന്നു. അതോടെ രാജ്യത്തെ വാഹന റീട്ടെയില്‍ മേഖലയിലുടനീളം തൊഴിലവസരങ്ങള്‍ക്കും തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയും ഉയരുന്നുണ്ടെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *