പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുത്, സുപ്രധാന നിർദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശവുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നാണ് കോടതി നിർദേശം. ആശുപത്രികളില്‍ ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നുമാണ് കോടതി നിർദേശം. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൽ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.

എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണമെന്നും കോടതി നിർദേശത്തിലുണ്ട്. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്. തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *