കൊല്ലം പൂരം വെടിക്കെട്ട് അനുമതി നിഷേധിച്ച സംഭവം: പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊല്ലം: കൊല്ലം പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയും പൂരം കമ്മിറ്റിയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജില്ലാ കളക്ടറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ജില്ലാ കളക്ടർ പൂരം ഭരണസമിതി സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നത്. എന്നാൽ നൂറ്റാണ്ടുകളുടെ ഐതിഹ്യവും ക്ഷേത്ര ഉത്സവത്തിന്റെ ആചാരത്തിന്റെ കൂടി ഭാഗമായിട്ടുള്ള വെടിക്കെട്ട് അപേക്ഷ തള്ളിയ കളക്ടറുടെ നടപടിക്കെതിരെ ക്ഷേത്ര ഉപദേശക സമിതിയും പൂരം സംഘാടകസമിതിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അഡ്വ.വിഷ്ണു വിജയൻ, അഡ്വ ഹരികൃഷ്ണൻ, അഡ്വ. അജ്മൽ, അഡ്വ. വിദ്യാസാഗർ, അഡ്വ. അമൃത കൃഷ്ണൻ, അഡ്വ. ഷിജു അഡ്വ. ഷാനി, അഡ്വ. ഫാത്തിമ അഡ്വ. അനസൂയ തുടങ്ങിയ അഭിഭാഷകർ ക്ഷേത്ര ഉപദേശക സമിതിക്കും പൂരം കമ്മിറ്റിക്കും വേണ്ടി കോടതിയിൽ ഹാജരായി. ഈ വർഷത്തെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി വെടിക്കെട്ടിന് അനുമതി നൽകിയിട്ടുള്ള ഉത്തരവുകളിൽ നിഷ്കർഷിച്ച സുരക്ഷാ മാനദണ്ഡങ്ങളും ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കൊല്ലം ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത് നീതിപൂർവ്വം അല്ല എന്നുള്ള ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിട്ടുള്ളത്. ജില്ലാ ഭരണകൂടം ഹർജിയെ ശക്തമായി എതിർത്തിരുന്നുവെങ്കിലും കോടതി ഹർജിക്കാരുടെ ആവശ്യം പരിഗണിക്കുകയായിരുന്നുവെന്ന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി അനിൽകുമാർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *