‘കേരള സ്റ്റോറി 2’ പ്രദർശനം തടഞ്ഞു; സിനിമ കാണില്ലെന്ന് ഹൈക്കോടതി, സിബിഎഫ്‌സിക്ക് കർശന നിർദേശം

എറണാകുളം:വിവാദ സിനിമ ‘കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുന്നത് വാദം പൂർത്തിയാകും വരെ ഹൈക്കോടതി തടഞ്ഞു. സിനിമയുടെ ഉള്ളടക്കം മതേതര കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഹർജിക്കാരുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജികൾ നാളെ രാവിലെ 9.45-ന് വീണ്ടും പരിഗണിക്കും.സിനിമ കണ്ട് കോടതി വിലയിരുത്തണമെന്ന നിർദ്ദേശത്തെ സമയപരിമിതി ചൂണ്ടിക്കാട്ടിയാണ് കോടതി ഒഴിവാക്കിയത്. എന്നാൽ, സെൻസർ ബോർഡിന് പകരമാവില്ല കോടതി എന്ന നിർമാതാക്കളുടെ വാദത്തിന് കോടതി കൃത്യമായ മറുപടി നൽകി. കേരളത്തിന് അപഖ്യാതിയാണോ സിനിമയെന്നറിയാൻ ഉള്ളടക്കം പരിശോധിക്കണമെന്നും സിബിഎഫ്സിയോട് ഹൈക്കോടതി പറഞ്ഞു. സിനിമ പുറത്തിറങ്ങി നഷ്ടം സംഭവിച്ചതിന് ശേഷമല്ല അത് പുനഃപരിശോധിക്കേണ്ടതെന്ന് സെൻസർ ബോർഡിനെ കോടതി ഓർമിപ്പിച്ചു. ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.സിനിമയുടെ ടീസറിൻ്റെ പരിഭാഷ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന നിർമാതാക്കളുടെ വാദം കേരളത്തിൻ്റെ മതേതര പ്രതിച്ഛായയെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കണം. സിനിമ കേരളത്തിന് അപഖ്യാതിയുണ്ടാക്കുന്നതാണോ എന്ന് ബോർഡ് കൃത്യമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.സിനിമ കോടതി കണ്ട് വിലയിരുത്തുന്നത് നിയമപരമല്ലെന്നും, സെൻസർ ബോർഡിന് മാത്രമാണ് അതിനുള്ള അധികാരമെന്നും നിർമാതാക്കൾ സത്യവാങ്മൂലത്തിൽ വാദിച്ചിരുന്നു. കോടതി സിനിമ വിലയിരുത്തുന്നത് സെൻസർ ബോർഡിന് പകരമാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജിക്കാരുടെ ആശങ്കകൾ ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.അതേസമയം, ഏതെങ്കിലും പ്രത്യേക മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങൾ സിനിമയിലില്ലെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല സിനിമയുടെ വിവാദമായ ടീസറും ട്രെയിലറും പിൻവലിക്കാമെന്ന് നിർമാതാക്കൾ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.അതേസമയം, കേരള സ്റ്റോറി രണ്ടാം ഭാഗത്തിൽ പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും കാര്യങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാൽ എന്നന്നേയ്ക്കുമായി താൻ ചലച്ചിത്ര നിർമാണം നിർത്തുമെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ് പ്രഖ്യാപിച്ചിരുന്നു. പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ് മുന്നോട്ട് വയ്ക്കുന്ന വാദം.നിർബന്ധിത മത പരിവർത്തനം പോലുള്ള വിഷയത്തെ കുറിച്ച് സിനിമ ചിത്രീകരിക്കാൻ മുൻ അനുഭവങ്ങൾ സഹായകരമായി. സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ നിർമ്മിച്ചപ്പോഴുണ്ടായ അനുഭവം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിക്കുന്നതിൽ സഹായകരമായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.”ചോദ്യങ്ങൾ ഉയർത്തുകയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ സിനിമകളാണ് ഞാൻ നിർമിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒരു സിനിമയോ ഡോക്യുമെൻ്ററിയോ പുറത്തിറക്കുന്നതിന് മുമ്പ് ഡോക്യുമെൻ്ററിയിൽ പ്രതിപാദിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ശേഷമാണ് സിനിമ ചിത്രീകരണം തുടങ്ങാറുള്ളൂ,” കാമാഖ്യ നാരായൺ സിങ് കൂട്ടിച്ചേർത്തു.ദൈവത്തിൻ്റെ നാടായ കേരളത്തിലെ തിന്മ എത്രയും വേഗം തുടച്ചുനീക്കപ്പെടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കേരളാ സ്റ്റോറി രണ്ടാം ഭാഗത്തിൻ്റെ നിർമ്മാതാവ് വിപുല്‍ അമൃത്‌ലാൽ ഷാ വ്യക്തമാക്കി. യഥാർഥത്തിൽ സംഭവിച്ചതും കോടതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ നിന്നുമാണ് ഇത്തരത്തിലുള്ള കഥയ്ക്ക് പ്രചോദനം ലഭിച്ചതെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *