‘കേരള സ്റ്റോറി 2’ കോടതി കാണുന്നതിൽ താൽപര്യമില്ലേ?; നിർമാതാക്കളുടെ നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘കേരള സ്റ്റോറി 2’ എന്ന സിനിമ കോടതിക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ നിർമാതാക്കൾ സ്വീകരിക്കുന്ന മെല്ലപ്പോക്കിനെ വിമർശിച്ച് ഹൈക്കോടതി. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയ അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.നിർമാതാക്കൾക്ക് കോടതി ചിത്രം കാണുന്നതിൽ താല്പര്യമില്ലെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. “കോടതി സിനിമ കാണണമെന്ന് നിങ്ങൾക്ക് താല്പര്യമില്ല. ഈ ഹർജി ഒരു സ്വകാര്യ വ്യവഹാരമാണോ അതോ പൊതുതാൽപ്പര്യ പ്രകാരമാണോ എന്ന് ആദ്യം തീരുമാനിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്,” എന്ന് ജഡ്ജി പരാമർശിച്ചു.ചിത്രം കേരളത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഇത് വർഗീയ സംഘർഷങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിന്റെ റിലീസ് തടയണമെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി, കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ചിരുന്നു.ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ, ഹർജിക്കാരുടെ ആശങ്കകൾ പ്രഥമദൃഷ്ട്യാ ന്യായമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ഇതിവൃത്തത്തിന് കേരളവുമായി യഥാർത്ഥ ബന്ധമില്ലാതിരുന്നിട്ടും, സിനിമ ‘യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്’ എന്ന് അവകാശപ്പെടുന്നതും ശീർഷകത്തിൽ സംസ്ഥാനത്തിന്റെ പേര് ഉപയോഗിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന്, സിനിമ കോടതിക്കായി എപ്പോൾ പ്രദർശിപ്പിക്കാൻ കഴിയുമെന്ന് അറിയിക്കാൻ സെൻസർ ബോർഡിന്റെയും നിർമാതാക്കളുടെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രദർശനം നടത്താമെന്ന് നിർമാതാക്കളുടെ അഭിഭാഷകൻ അപ്പോൾ സമ്മതിച്ചിരുന്നു.എന്നാൽ, ഉച്ചഭക്ഷണത്തിന് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ നിർമാതാക്കൾക്കായി ഹാജരായ സീനിയർ കൗൺസൽ എസ് ശ്രീകുമാർ നിലപാട് മാറ്റി. ഹർജികൾ പൊതുതാൽപ്പര്യ പ്രകാരമാണോ അതോ വ്യക്തിപരമായ താല്പര്യമാണോ എന്ന് കോടതി ആദ്യം തീരുമാനിക്കണമെന്ന് അദ്ദേഹം വാദിച്ചു. നേരത്തെ സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യാമെന്നും പ്രദർശനത്തിന് സമയം വേണമെന്നും പറഞ്ഞ നിലപാടിൽനിന്നുള്ള ഈ മാറ്റമാണ് കോടതിയെ അതൃപ്തിപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *