പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ചില പ്രതികള്‍ സമർപ്പിച്ച വിടുതല്‍ ഹർജിയിന്മേല്‍ വിശദമായ വാദം കേള്‍ക്കല്‍ നാളെ നടക്കും.56 മുതല്‍ 59 വരെയുള്ള പ്രതികള്‍ സമർപ്പിച്ച ഹർജിയിലാണ് നിലവില്‍ പ്രത്യേക കോടതിയുടെ ചാർജുള്ള ജഡ്ജി എം.സി. ആന്‍റണി മുമ്ബാകെ വാദം കേള്‍ക്കല്‍ നടന്നു വരുന്നത്.പ്രതികള്‍ക്ക് എതിരേ ഗൂഢാലോചന, സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുള്ളത്. പ്രസ്തുത വകുപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിടുതല്‍ ഹർജി പ്രതികള്‍ നല്‍കിയിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് തവണ വാദം നടന്നപ്പോഴും പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തുടർ വാദത്തിനായാണ് കേസ് നാളെ പരിഗണിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ. അമ്ബിളി ജബ്ബാർ എന്നിവർ കോടതിയില്‍ ഹാജരാകും.2016 ഏപ്രില്‍ പത്തിന് പുലർച്ചെ രണ്ടിന് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേരാണ് മരിച്ചത്. 656 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയെങ്കിലും സ്ഥിരം ജഡ്ജിയെ ഇതുവരെ നിയമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം: വിടുതല്‍ ഹര്‍ജിയിന്മേല്‍ നാളെ വാദം കേള്‍ക്കും
