സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മേലുള്ള വിചാരണ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയെ സമീപിച്ചു.തെരഞ്ഞെടുപ്പ് കഴിയുംവരെ വിചാരണ നിര്‍ത്തിവെയ്ക്കണം എന്നാണ് ആവശ്യം. മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാദി ഭാഗം തടസ്സഹര്‍ജി നല്‍കി. ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും.പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ പ്രതിക്ക് 25 പേജുള്ള കത്ത് തയ്യാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്ണന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നല്‍കിയത് 21 പേജുള്ള കത്ത് ആണെന്നും ഗൂഢാലോചനയുടെ ഭാഗമായി ഉമ്മന്‍ചാണ്ടിയുടെ പേര് അടക്കം ഉള്‍പ്പെടുത്തി നാല് പേജ് കൂടി ചേര്‍ത്തെന്നുമാണ് കേസ്. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഗണേഷ് വ്യാജ രേഖ ചമച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കത്ത് വ്യാജമാണെന്നും ഇതിന് പിന്നില്‍ ഒരു എംഎല്‍എയും സഹായികളുമാണെന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണന്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. ജയിലില്‍ വെച്ച് പ്രതി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പിലെ വ്യാജരേഖ ചമച്ചെന്ന കേസ്; തെരഞ്ഞെടുപ്പ് കഴിയുംവരെ വിചാരണ നിര്‍ത്തിവെക്കണം; ഗണേഷ് കുമാര്‍ കോടതിയില്‍
