കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ രേഖകള്‍ തീയിട്ടു നശിപ്പിച്ച കേസില്‍ കോടതി ജീവനക്കാരനായ പ്രതിയുടെ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവു പുറപ്പെടുവിക്കും.കാട്ടാക്കട പോക്സോ കോടതിയിലെ സീനിയർ ക്ലാർക്ക് ശ്രീലാലിന്‍റെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. തിരുവനന്തപുരം എട്ടാം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി ഈ കുറ്റം ചെയ്തു എന്നു തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന്‍റെ പക്കല്‍ ഉണ്ടെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതിയില്‍ സൂക്ഷിച്ചിരുന്ന പിഴത്തുക സർക്കാർ ഖജനാവില്‍ അടയ്ക്കാതെ തിരിമറി നടത്തിയ കേസിലെ രേഖകളാണു കത്തിച്ചത്.സംഭവത്തിന്‍റെ റിഹേഴ്സല്‍ പ്രതിയുടെ വീട്ടില്‍ നടത്തിയതായി തെളിവുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ സംഭവം നടക്കുന്ന ദിവസം താൻ നെടുമങ്ങാട് വീട്ടില്‍ ആയിരുന്നു എന്നും തീ പിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നുമാണു പ്രതിഭാഗവാദം. 2025 ജൂലൈ 14 നാണ് സംഭവം. കാട്ടാക്കട അനഘ ആർക്കേഡ് ബില്‍ഡിംഗിന്‍റെ മൂന്നാം നിലയിലെ ഓഫീസ് റൂമില്‍ സൂക്ഷിച്ചിരുന്ന പിഴത്തുക രജിസ്റ്ററുകള്‍, റിക്കാർഡുകള്‍, കേസ് ഫയലുകള്‍ എന്നിവ അടങ്ങിയ രേഖകളാണ് കത്തി നശിപ്പിച്ചത്. അപകടകരമായ സ്ഫോടക വസ്തുകള്‍ മുറിയില്‍ വിതറിയ ശേഷം മെഴുകാതിരി കത്തിച്ച് വച്ച് അതിന് ചുറ്റും രേഖകള്‍ വച്ച് ഓഫീസ് മുറിയില്‍ തീ പിടിപ്പിച്ചു എന്നാണ് പോലീസ് കേസ്.സർക്കാരിന് ലഭിക്കേണ്ട ഒരു ലക്ഷം രൂപ പിഴത്തുക തിരിമറി നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
കാട്ടാക്കട കോടതിയിലെ രേഖകള്‍ തീയിട്ട സംഭവം: കോടതി ജീവനക്കാരന്‍റെ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ
