വർക്കല: തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തതായി വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.വർക്കലനഗരസഭയിലെ 15-ാം വാർഡായ ടീച്ചേഴ്സ് കോളനിയിൽ 2020ൽ നടന്ന തിരഞ്ഞെടുപ്പാണ് തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതി അസാധുവാക്കിയത്. നാമനിർദ്ദേശ പത്രികയ്ക്ക് അനുബന്ധമായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വരുമാനസ്രോതസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയെന്നുകാണിച്ച് എതിർസ്ഥാനാർത്ഥിയും മുൻ കൗൺസിലറുമായ പി.ജയശങ്കർ വർക്കല മുൻസിഫ് കോടതിയിൽ ഫയൽ ചെയ്‌തിരുന്ന ഹർജി ചെലവ് സഹിതം കോടതി തള്ളിയതിനെ തുടർന്നാണ് ജയശങ്കർ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്. ഇതിനെത്തുടർന്ന് തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതി തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയതോടെ കെ.എം. ലാജി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും അപ്പീൽ ഫയലിൽ സ്വീകരിച്ച് വാദം കേട്ടശേഷമാണ് ഹൈക്കോടതി സ്റ്റേ നൽകിയത്. ശിവഗിരി തീർത്ഥാടനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള നഗരസഭയുടെ അവസാന കൗൺസിൽ ഇന്ന് കെ.എം.ലാജിയുടെ അദ്ധ്യക്ഷതയിൽ നടക്കും.
കെ.എം.ലാജിയുടെ തിരഞ്ഞെടുപ്പ് : ജില്ലാകോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
