ദയാവധം അനുവദിച്ച്‌ വിധി പറയവേ കണ്ണീരണിഞ്ഞ് ജസ്റ്റിസ് പര്‍ദിവാല

രാജ്യത്ത് നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള ആദ്യ അനുമതി നല്‍കി വിധി പറയവേ കണ്ണീരണിഞ്ഞ് ജസ്റ്റിസ് ജെ.ബി പര്‍ദിവാല.ഇതോടെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സുപ്രിം കോടതി സാക്ഷിയായത്. കെട്ടിടത്തില്‍ നിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റ് 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണ എന്ന 32കാരനാണ് കോടതി നിര്‍ണായക വിധിയിലൂടെ ദയാവധം അനുവദിച്ചത്.ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മകന് ദയാവധം നല്‍കണമെന്ന ഹരീഷ് റാണയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചത്. ഇത്തരം കേസുകളില്‍ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല, മറിച്ച്‌ ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.’ഉറക്കവും ഉണര്‍വും ഹരീഷ് റാണക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അര്‍ഥവത്തായ ഇടപെടലുകളൊന്നും സാധ്യമല്ല. എല്ലാ പരിചണര പ്രവര്‍ത്തനങ്ങളും മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു. പ്രത്യേക ട്യൂബിലൂടെ പോഷക ദ്രാവകം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വര്‍ഷങ്ങളായി ആരോഗ്യനിലയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല’ -കോടതി ചൂണ്ടിക്കാട്ടി. നിഷ്‌ക്രിയ ദയാവധം രാജ്യത്ത് നിയമവിധേയമാക്കിയ വിധി പ്രകാരമുള്ള നടപടികള്‍ പാലിച്ച്‌ മെഡിക്കല്‍ ബോര്‍ഡിന് ദയാവധം നടപ്പാക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത രോഗികളെ അന്തസ്സോടെ മരിക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടരവേയാണ് ആദ്യമായി ദയാവധം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ വിധി.2018 മാര്‍ച്ച്‌ ഒമ്ബതിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നിഷ്‌ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി ചരിത്രപരമായ വിധി പ്രസ്താവിച്ചത്. രോഗിയെ മരുന്ന് കുത്തിവെച്ച്‌ പെട്ടന്ന് മരിക്കാന്‍ അനുവദിക്കുന്ന രീതിയല്ല നിഷ്‌ക്രിയ ദയാവധം അഥവാ പാസീവ് യുത്തനേസിയ. പകരം, മെഡിക്കല്‍ ട്രീറ്റ്‌മെന്റ് പൂര്‍ണമായും ഒഴിവാക്കി രോഗിയെ മരിക്കാന്‍ അനുവദിക്കുന്നതാണിത്. മരുന്നുക്കളും ജീവന്‍ രക്ഷാ ഉപകരണങ്ങളും ഇത്തരത്തില്‍ ഘട്ടംഘട്ടമായി ഒഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *