ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകനുമായിരുന്ന ജസ്റ്റിസ് കെ. ജോണ്‍ മാത്യു (93) അന്തരിച്ചു.1984 മുതല്‍ 1994ല്‍ വിരമിക്കുന്നത് വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.1954ല്‍ തിരുവല്ലയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം. 1959ല്‍ കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റി. 1979ല്‍ ഗവ. പ്ലീഡറും 1982ല്‍ സീനിയർ ഗവ. പ്ലീഡറുമായി. കൊച്ചി സർവകലാശാലയിലെ നിയമ വകുപ്പില്‍ 1973 മുതല്‍ 1977 വരെ വിസിറ്റിങ് ലക്ചറർ ആയിരുന്നു. 1984ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1994ല്‍ വിരമിക്കുന്നത് വരെ ആ പദവിയില്‍ തുടർന്നു.1989ല്‍ 209 പ്രവൃത്തി ദിവസങ്ങളില്‍ 28,221 കേസുകള്‍ തീർപ്പാക്കി ലിംക ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം നേടി. വിരമിച്ച ശേഷം സുപ്രിംകോടതി അദ്ദേഹത്തെ സീനിയർ അഭിഭാഷകനായി നിയമിക്കുകയും 2003 വരെ ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 2005ല്‍ കേരളത്തിലെ തീരപ്രദേശങ്ങളിലെ ധാതുമണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്മിഷന്റെ തലവനായും പ്രവർത്തിച്ചു.2009 മുതല്‍ 2014 വരെ സംസ്ഥാന സർക്കാർ രൂപീകരിച്ച ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള സെലക്‌ഷൻ കമ്മിറ്റിയുടെ ചെയർപഴ്സനായും പ്രവർത്തിച്ചു. ഇന്ന് എളംകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരി ചാപ്പലില്‍ പൊതുദർശനവും സംസ്കാരവും നടക്കും.
ജസ്റ്റിസ് കെ. ജോണ്‍ മാത്യു അന്തരിച്ചു
