ആറുമാസത്തില്‍പ്പരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി അലങ്കരിക്കുന്ന ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും.മേയ് 14നാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഇന്നാണ് അവസാന സിറ്റിംഗ്. ഞായറാഴ്ച റിട്ടയർമെന്റ്. ഇന്ന് ചീഫ് ജസ്റ്റിസ് കോടതിയില്‍ നിർദ്ദിഷ്‌ട ചീഫ് ജസ്റ്റിസ് സൂര്യകാന്തിനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനുമൊപ്പം യാത്രയയപ്പുമായി ബന്ധപ്പെട്ട സെറിമോണിയല്‍ ബെഞ്ചില്‍ സിറ്റിംഗ് നടത്തും. ദലിത് പശ്ചാത്തലമുള്ള ബുദ്ധമത വിശ്വാസിയാണ് അദ്ദേഹം. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി അയച്ച റഫറൻസില്‍ അഭിപ്രായം പറഞ്ഞുക്കൊണ്ടാണ് ഗവായ് ഒടുവില്‍ ശ്രദ്ധേയനായത്. വിശ്വാസം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകൻ അദ്ദേഹത്തിനു നേരെ ഷൂ എറിയാൻ ശ്രമിച്ചപ്പോള്‍ രാജ്യം ഞെട്ടി. എന്നാല്‍ അഭിഭാഷകന് ഗവായ് മാപ്പു നല്‍കി. എസ്.സി /എസ്.ടിയിലെ ഉപവിഭാഗങ്ങള്‍ക്കും സംവരണം നല്‍കാമെന്ന വിധി ചരിത്രമായി. അതേസമയം, പട്ടിക വിഭാഗങ്ങള്‍ക്ക് ക്രീമിലെയർ ബാധകമാക്കണമെന്ന നിലപാട് ദലിത് സംഘടനകളുടെ അടക്കം രൂക്ഷ വിമർശനം ക്ഷണിച്ചു വരുത്തി. വികസന പദ്ധതികള്‍ക്ക് അടക്കം മുൻകാല പ്രാബല്യത്തോടെ പാരിസ്ഥിതിക അനുമതി നല്‍കാൻ കേന്ദ്രസർക്കാരിന് അനുമതി നല്‍കിയത് ഗവായ് അദ്ധ്യക്ഷനായ ബെഞ്ചാണ്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുക തന്നെ വേണമെന്ന് നിലപാടെടുത്തു. സുപ്രീംകോടതി ജഡ്‌ജിയായുള്ള 2019 മേയ് 24 മുതല്‍ ഇതുവരെ 367ല്‍പ്പരം വിധികള്‍ പുറപ്പെടുവിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മാനനഷ്‌ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്‌തു. ബുള്‍ഡോസർ ഉപയോഗിച്ചുള്ള അതിവേഗ പൊളിച്ചു നീക്കലുകള്‍ ഭരണഘടനാ വിരുദ്ധമെന്നും വിധിച്ചു.
ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ഇന്ന് പടിയിറങ്ങും
