ചെന്നൈ: വഖഫ് സ്വത്തുക്കള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നിബന്ധനകളില്‍ നിര്‍ണ്ണായക വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ഒരു ആധാരത്തിലോ സെറ്റില്‍മെന്റ് ഡീഡിലോ ‘വഖഫ്’ എന്നോ ‘മസ്ജിദ്’ എന്നോ പരാമര്‍ശിച്ചതുകൊണ്ട് മാത്രം ആ വസ്തു നിയമപരമായി വഖഫ് സ്വത്തായി മാറില്ലെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.ബി. ബാലാജിയുടേതാണ് ഈ സുപ്രധാന വിധി. ഒരു വസ്തു വഖഫ് ആയി അംഗീകരിക്കണമെങ്കില്‍ അതിന്റെ ഉടമസ്ഥന്‍ വ്യക്തമായും നിരുപാധികമായും ആ സ്വത്ത് പൊതുമതപരമായോ ജീവകാരുണ്യപരമായോ ഉള്ള ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു.കൂടതെ വഖഫ് പ്രഖ്യാപിക്കുന്ന വ്യക്തി ആ വസ്തുവിന്‍മേലുള്ള തന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥാവകാശം നിയമപരമായി ഉപേക്ഷിച്ചിരിക്കണം എന്നും കോടതി നിരീക്ഷിച്ചു. ‘വാക്കുകള്‍ ആവര്‍ത്തിച്ചു പറയുന്നതില്‍ അപകടമുണ്ട്; ‘വഖഫ്’ അല്ലെങ്കില്‍ ‘മസ്ജിദ്’ എന്ന പദപ്രയോഗങ്ങള്‍ രേഖയിലുണ്ടായതുകൊണ്ട് മാത്രം അത് വഖഫ് ആകില്ല,’ എന്ന് ജസ്റ്റിസ് ബാലാജി ചൂണ്ടിക്കാട്ടി.നിയമപരമായ നടപടിക്രമങ്ങള്‍ക്കാണ് സാങ്കേതിക പദങ്ങളേക്കാള്‍ മുന്‍ഗണനയെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ സിറുവാടി ഗ്രാമത്തിലുള്ള തങ്ങളുടെ വസ്തു വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെതിരെ എം. സിറാജുദ്ദീന്‍ സയീദും (പിന്നീട് അദ്ദേഹത്തിന്റെ അവകാശികളും) നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി.2009-ലാണ് തമിഴ്നാട് വഖഫ് ബോര്‍ഡ് ഈ ഭൂമി വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ഹര്‍ജിക്കാര്‍ ആദ്യം വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2022-ല്‍ ട്രൈബ്യൂണല്‍ ബോര്‍ഡിന്റെ തീരുമാനം ശരിവെക്കുകയാണുണ്ടായത്. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി എത്തിയത്. 1910, 1951 വര്‍ഷങ്ങളിലെ ആധാരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് വഖഫ് ബോര്‍ഡ് നടപടിയെടുത്തതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ബാലന്‍ ഹരിദാസ് വാദിച്ചു. കൂടാതെ, വഖഫ് നിയമം സെക്ഷന്‍ 40 പ്രകാരം നടത്തേണ്ട നിര്‍ബന്ധിത അന്വേഷണമോ താല്‍പ്പര്യമുള്ള കക്ഷികള്‍ക്ക് നോട്ടീസോ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ട്, വഖഫ് രൂപീകരണത്തിന് രണ്ട് അടിസ്ഥാന നിബന്ധനകള്‍ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വസ്തു പൊതു ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കാനുള്ള ഉടമയുടെ വ്യക്തമായ ഉദ്ദേശം. വസ്തുവിന്‍മേലുള്ള നിയന്ത്രണവും അവകാശവും ഉടമ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ഈ കേസില്‍ വസ്തു ദൈവത്തില്‍ നിക്ഷിപ്തമായെന്നോ ഉടമകള്‍ അവകാശം ഒഴിഞ്ഞെന്നോ തെളിയിക്കാന്‍ രേഖകളില്ലെന്ന് കോടതി കണ്ടെത്തി. ഇതോടെ വഖഫ് ബോര്‍ഡിന്റെ 2009-ലെ ഉത്തരവും ട്രൈബ്യൂണലിന്റെ 2022-ലെ വിധിയും ഹൈക്കോടതി റദ്ദാക്കി. രാജ്യത്തെ വഖഫ് തര്‍ക്കങ്ങളില്‍ വരുംദിവസങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നായിരിക്കും ഈ വിധി.
വഖഫ്, മസ്ജിദ് എന്നീ പദങ്ങൾ രേഖയിലുണ്ടായതുകൊണ്ട് മാത്രം വസ്തു വഖഫ് ആകില്ല; മദ്രാസ് ഹൈക്കോടതി
