രാജസ്ഥാന്‍ ഖനന കരാറില്‍ അദാനിയ്‌ക്കെതിരെ വിധിയെഴുതിയ ജഡ്ജിയ്ക്ക് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റം; അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇന്ത്യയിലെ ഏറ്റവും വിവാദപരമായ ഖനന കരാറുകളില്‍ ഒന്നിനെതിരായ വിചാരണ കോടതിയുടെ വിധി സ്‌റ്റേ ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതി വിധി രാജ്യത്ത് സൂക്ഷ്മ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച ജയ്പൂര്‍ കൊമേഴ്സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റിയതടക്കം വലിയ ഒരു രാഷ്ട്രീയ വിവാദം രാജസ്ഥാനില്‍ നിന്ന് ഇന്ത്യ ഒട്ടാകെ തിരികൊളുത്തുകയാണ്. രാജസ്ഥാന്‍ ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രത്യേകിച്ചു ഗൗതം അദാനിയോടുള്ള സൗഹൃദവും അദാനി ബിസിനസുകള്‍ക്ക് വേണ്ടി വഴിവിട്ട വിട്ടുവീഴ്ച ആരോപണങ്ങള്‍ ഉയര്‍ന്ന പല സാഹചര്യങ്ങളും വിഷയത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളടക്കം അദാനി ബിനിസനസുകള്‍ക്ക് തുച്ഛമായ തുകയ്ക്ക് ഭൂമി കൈമാറ്റം ചെയ്തതടക്കം പല കോടതികളും രൂക്ഷമായി വിമര്‍ശിച്ച സംഭവങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് അദാനിയ്‌ക്കെതിരെ വിധിയുണ്ടായ ഒരു കോടതി ജഡ്ജിനെ മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റിയ സംഭവം രാജ്യമെമ്പാടും ചര്‍ച്ചയാകുന്നത്. ഈ വര്‍ഷം ജൂലൈയിലുണ്ടായ വിധിയും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദി സ്‌ക്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് രാജസ്ഥാനിലെ സംഭവങ്ങള്‍ പുറത്തുവന്നത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച ജയ്പൂര്‍ കൊമേഴ്സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. വിധി വന്ന അതേ ദിവസം തന്നെ, സംസ്ഥാനത്തെ ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ ഗുപ്തയെ സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാരുകളാണ് കോമേഴ്ഷ്യല്‍ കോടതി ജഡ്ജിമാരെ നിയമിക്കുന്നത്.രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയില്‍ നിന്ന് 1,400 കോടിയിലധികം രൂപ അദാനി ഗ്രൂപ്പ് അന്യായമായി കൈപ്പറ്റിയെന്നായിരുന്നു ജൂലൈ 5-ലെ കോടതിയുടെ കണ്ടെത്തല്‍. വിധി വന്ന അതേദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഗുപ്തയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും രാജസ്ഥാന്‍ ഹൈക്കോടതി ഗുപ്തയെ തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബിയാവറിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതായി ദി സ്‌ക്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *