ഇന്ത്യൻ സേനയിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (JAG) തസ്തികകളില്‍ പുരുഷന്മാർക്കും സ്ത്രീകള്‍ക്കുമായി നിലവിലുണ്ടായിരുന്ന 2:1 സംവരണ നയം സുപ്രീം കോടതി റദ്ദാക്കി.നിയമനങ്ങളില്‍ ലിംഗവിവേചനം പാടില്ലെന്നും, ഒഴിവുകള്‍ പുരുഷന്മാർക്ക് മാത്രമായി നീക്കിവയ്ക്കുകയോ സ്ത്രീകള്‍ക്ക് പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ഭരണഘടനാപരമായ തുല്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.ഈ വിധി, ഉയർന്ന യോഗ്യതയുണ്ടായിട്ടും ലിംഗഭേദത്തിന്റെ പേരില്‍ അവസരം നിഷേധിക്കപ്പെട്ട രണ്ട് വനിതാ ഉദ്യോഗാർത്ഥികളുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ മൻമോഹൻ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഏറ്റവും യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ, പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ഉദ്യോഗാർത്ഥികള്‍ക്കുമായി ഒരുമിച്ച് ഒരു മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും നിയമനം നടത്തണമെന്നും കോടതി നിർദേശിച്ചു.
സേനയിലെ ഒഴിവുകള്‍ ലിംഗഭേദം നോക്കി പരിമിതപ്പെടുത്തരുത്; സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവസരം ഉറപ്പാക്കി സുപ്രീം കോടതി
