വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. ചിത്രത്തിന് ‘യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് നിർമാതാക്കൾ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. പൊങ്കൽ ആഘോഷത്തിനുമുൻപ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ.500 കോടി രൂപ മുതൽമുടക്കിയ ചിത്രം റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും അതിനാൽ കേസ് നാളെത്തന്നെ പരിഗണിക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ സെൻസർ ബോർഡിനെതിരെ രൂക്ഷവിമർശനവുമായി കമൽഹാസൻ എംപി രംഗത്തെത്തി. സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും ഈ സംവിധാനത്തിൽ സമൂലമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര ലോകം ഇതിനായി ഒന്നിച്ചു ശബ്ദമുയർത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ‘ജനനായകൻ’ പ്രതിസന്ധിയിൽ തുടരുമ്പോഴും ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ റിലീസ് ചെയ്തു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ചിത്രം റെഡ് ജയന്റ് മൂവീസാണ് വിതരണത്തിനെത്തിച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയാണ് റെഡ് ജയന്റ് മൂവീസിന് പിന്നിലുള്ളത്.
ജന നായകൻ റിലീസ് മുടങ്ങരുത്! ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിർമാതാക്കൾ
