പൊതുമുതല്‍ ദുരുപയോഗം ചെയ്ത കേസില്‍ കുവൈത്തിലെ സിവില്‍ സർവീസ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയ്ക്ക് കോടതി കഠിനതടവും വൻതുക പിഴയും ശിക്ഷ വിധിച്ചു.പത്തു വർഷത്തോളം ജോലിക്ക് ഹാജരാകാതെ നിയമവിരുദ്ധമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന കുറ്റത്തിനാണ് കോടതി ഇവർക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ നല്‍കിയത്. കീഴ്ക്കോടതികള്‍ നല്കിയ ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.തന്റെ പേര് പേറോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന സാഹചര്യം മുതലെടുത്താണ് പ്രതി ഈ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഒരു പതിറ്റാണ്ടോളം ജോലിക്ക് എത്താതെ തന്നെ ഏകദേശം 1,10,000 കുവൈറ്റ് ദിനാർ ഇവർ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് കേസ് ഡയറി വ്യക്തമാക്കുന്നു. പൊതുമുതല്‍ അപഹരിച്ച കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജോലി ചെയ്യാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് വഴി രാജ്യത്തിന്റെ പൊതുഖജനാവിന് വൻ നഷ്ടമാണ് പ്രതി വരുത്തിയിരിക്കുന്നതെന്ന് വിധിന്യായത്തില്‍ കോടതി നിരീക്ഷിച്ചു. അഞ്ചു വർഷത്തെ കഠിനതടവിനൊപ്പം തന്നെ 3,30,000 കുവൈത്ത് ദിനാർ പിഴയൊടുക്കാനും പ്രതിയോട് കോടതി ഉത്തരവിട്ടു. സർക്കാർ സംവിധാനങ്ങളെ വഞ്ചിച്ചു കൊണ്ടുള്ള ഇത്തരം പ്രവണതകള്‍ക്കെതിരെ കർശന നടപടി തുടരുമെന്ന സൂചനയാണ് ഈ വിധി നല്‍കുന്നത്.
പത്തു വര്‍ഷം ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റി, ജീവനക്കാരിക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
