പ്രയാഗ്‌രാജ്: ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് ഏതെങ്കിലും ഒരു മതം മാത്രമാണ് ശരിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നുള്ള ക്രിസ്ത്യൻ പുരോഹിതൻ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2023-ൽ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മുഹമ്മദാബാദ് പൊലീസ് സ്റ്റേഷനിലാണ് പുരോഹിതനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രാർഥനാ യോഗങ്ങളിൽ ക്രിസ്തുമതം മാത്രമാണ് ഏക മതം എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞതായും ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി. മാർച്ച് 18 ന് പുരോഹിതന്റെ അപേക്ഷ കേട്ട ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ ബെഞ്ച്, “ഇന്ത്യൻ ഭരണഘടന നിർവചിച്ചിരിക്കുന്ന ഒരു മതേതര രാഷ്ട്രത്തിൽ, എല്ലാ വിശ്വാസങ്ങളിലും പെട്ട ആളുകൾ ഒരുമിച്ച് ജീവിക്കുന്ന ഒരു നാടാണ് ഇന്ത്യ. അതിനാൽ, തന്റെ മതം മാത്രമാണ് ഏക സത്യമെന്ന് അവകാശപ്പെടുന്നത് മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എന്ന് കോടതി നിരീക്ഷിച്ചു.പുരോഹിതന്റെ പ്രസംഗങ്ങൾ ഐപിസി സെക്ഷൻ 295-എ (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം) എന്ന വകുപ്പിന്റെ പരിധിയിൽ വരുമെന്ന് കോടതി വിലയിരുത്തി.പുരോഹിതന് വേണ്ടി ഹാജരായ അഭിഭാഷകൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. പുരോഹിതനെ ഉപദ്രവിക്കാനായി കെട്ടിച്ചമച്ച കേസാണിതെന്നും, നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു
‘ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് ഒരു മതം മാത്രമാണ് സത്യമെന്ന് അവകാശപ്പെടുന്നത് തെറ്റ്’; അലഹബാദ് ഹൈക്കോടതി
