ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയെ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ക്കാന്‍ കേന്ദ്രം. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം കോടതികള്‍ക്കില്ലെന്ന നിലപാടാകും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുക. ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം വ്യക്തികള്‍ക്ക് ഒരു മതവിഭാഗത്തില്‍ പരിഷ്‌കരണം കൊണ്ടുവരാനുള്ള അവകാശം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കും.ശബരിമല കേസ് പരിഗണിക്കുന്ന പുതിയ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ തങ്ങളുടെ വാദം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ വാദം തയ്യാറാക്കിയിരുന്നു.ലോകത്തെ വിവിധ കോടതികളും മതാചാരങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ കോടതികള്‍ മതാചാരങ്ങളില്‍ തീര്‍പ്പ് കല്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. മതം, മത വിഭാഗങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍വചനം നല്‍കാന്‍ കോടതികള്‍ക്കാകില്ല. ഒരു മതാചാരം അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ല. മറിച്ച് ആ മതവിഭാഗം ആത്മാര്‍ഥമായി ആ ആചാരം പിന്തുടരുന്നുണ്ടോ എന്ന കാര്യം മാത്രമാണ് കോടതിക്ക് പരിശോധിക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ പറയുന്നു.കേരളത്തിലെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്ത് കാവിലെ നാരി പൂജ, പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രത്തിലെ ആചാരങ്ങള്‍ എന്നിവയാണ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നത്. ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങള്‍ മതത്തിന് മാത്രമല്ല, മത വിഭാഗങ്ങള്‍ക്ക് കൂടി ഉളളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിക്കും.
മതാചാരത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതി അല്ല; ശബരിമല കേസില്‍ നിലപാട് കടുപ്പിക്കാന്‍ കേന്ദ്രം
