എറണാകുളം: ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്നത്തിൽ വ്യക്തമായതെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ. ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും തന്ത്രി കോടതിയിൽ നിലപാടറിയിച്ചു.സംസ്ഥാന സർക്കാരിനോട് അത് സംബന്ധിച്ച് നിലപാടറിയിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം ദേവസ്വം ബോർഡിനോടും തന്ത്രിയോടും നിലപാടറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവതി പ്രവേശന വിലക്ക് തുടരണമെന്ന നിലപാടാണ് തന്ത്രി കോടതിയിൽ അറിയിച്ചത്. ഹിന്ദുമത പണ്ഡിതരും സാമൂഹിക പരിഷ്‌കർത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് അഭിപ്രായം കേട്ട ശേഷം നിലപാടെടുക്കണം എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാരും ദേവസ്വം ബോർഡും അടക്കം നിലപാട് വ്യക്തമാക്കിയത്. ഏപ്രിൽ ഏഴിനാണ് ശബരിമല യുവതി പ്രവേശനത്തിൽ വിശദമായ വാദം സുപ്രീം കോടതിയിൽ ആരംഭിക്കുക.
യുവതി പ്രവേശന വിലക്ക് തുടരണമെന്ന് ദേവപ്രശ്നത്തിൽ വ്യക്തമായി; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്
