വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരന് ഉണ്ടായ ബുദ്ധിമുട്ടില്‍ എയർലൈൻ കമ്ബനി 470 ദിനാർ ( 1,32,941.50 രൂപ ) നഷ്ടപരിഹാരം നല്‍കണമെന്ന് കുവൈത്ത് കോടതി ഉത്തരവിട്ടു.
യാത്രക്കാരൻ നല്‍കിയ പരാതിയിലാണ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് (കോമേഴ്സ്യല്‍ ഡിവിഷൻ) വിധി പറഞ്ഞത്.കൈറോ(Cairo) യില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം വൈകിയതിനെത്തുടർന്ന് അഭിഭാഷകനായ മുഹമ്മദ് സഫറാണ് വിമാനക്കമ്ബനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. 2024 ജൂണ്‍ 30ന് രാത്രി 8.05ന് പുറപ്പെട്ട് രാത്രി 11.05ന് എത്തേണ്ടതായിരുന്നു കൈറോയില്‍നിന്നുള്ള വിമാനം. എന്നാല്‍ വിമാനം അഞ്ച് മണിക്കൂറിലധികം വൈകി ജൂലൈ ഒന്നിന് പുലർച്ചെ 1.45നാണ് യാത്ര പുറപ്പെട്ടത്
യാത്ര വൈകുമെന്ന കാര്യം തന്നെ മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും വിമാനം വൈകിയതോടെ പ്രധാനപ്പെട്ട ക്ലയന്റ് അപ്പോയിന്റ്മെന്റുകള്‍ റദ്ദായതായും മുഹമ്മദ് സഫാർ കോടതിയില്‍ വാദിച്ചു . ഇതിലൂടെ തനിക്ക് നേരിട്ട നഷ്ടങ്ങള്‍ക്ക് 5,001 കുവൈത്ത് ദിനാർ വേണമെന്ന് ആയിരുന്നു പരാതിയിലെ പ്രധാന ആവശ്യം. ഇതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം വിമാനക്കമ്ബനിക്ക് ആണെന്ന് കണ്ടെത്തിയ കോടതി നഷ്ടപരിഹാരമായി 470 ദീനാർ നല്‍കാൻ ഉത്തരവിട്ടു.
