28കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയിട്ട് 2 വര്‍ഷം, 40 കാരനായ ഭര്‍ത്താവിന് തടവ് ശിക്ഷ, ചരിത്രമായി ഗ്ലാസ്ഗോ ഹൈക്കോടതി വിധി

ഭാര്യ 2023ല്‍ ജീവനൊടുക്കി. ഭർത്താവിനെ എട്ട് വർഷം തടവിന് ശിക്ഷിച്ച്‌ കോടതി. സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോ ഹൈക്കോടതിയാണ് ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭർത്താവിന് എട്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.2023 ജൂലൈയില്‍ കിംബർലി മില്‍നെ എന്ന 28കാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് 40കാരനായ ഭർത്താവ് ലീ മില്‍നെയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെ ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന കുറ്റത്തിനാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഒരു ആത്മഹത്യയില്‍ പങ്കാളിയെ കുറ്റക്കാരനായി കണ്ടെത്തുന്ന സ്കോട്ട്‌ലൻഡിലെ ആദ്യത്തെ ചരിത്രപ്രധാനമായ കേസുകൂടിയാണിത്.18 മാസത്തെ ഇവരുടെ ദാമ്പത്യജീവിതത്തില്‍ ലീ മില്‍നെ ക്രൂരമായ പീഡനങ്ങളാണ് ഭാര്യയ്ക്ക് നല്‍കിയിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയില്‍ തെളിയിച്ചിരുന്നു. കഴുത്തിന് പിടിച്ചു ഞെരിക്കുക, മർദ്ദിച്ച്‌ ബോധം കെടുത്തുക, ഭക്ഷണവും പണവും നല്‍കാതെ പൂട്ടിയിടുക തുടങ്ങിയ ശാരീരിക ഉപദ്രവങ്ങള്‍ക്കൊപ്പം അവരെ മാനസികമായി തകർക്കുകയും ബന്ധുക്കളില്‍ നിന്ന് അകറ്റുകയും ചെയ്തിരുന്നു. താൻ ഇല്ലെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ അവള്‍ക്ക് അയാളെ ഉപേക്ഷിച്ചു പോകാനും കഴിഞ്ഞിരുന്നില്ല.യുവതി ആത്മഹത്യ ചെയ്ത ദിവസം ഇയാള്‍ അവരെ കാറിടിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിരുന്നു. പാർക്കിംഗ് സ്ഥലത്ത് വെച്ച്‌ കാർ വേഗത്തില്‍ യുവതിയുടെ നേരെ ഓടിച്ചടുപ്പിക്കുകയും അവസാന നിമിഷം വെട്ടിച്ചുമാറ്റുകയും ചെയ്ത് അവരെ ഭയപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കിംബർലി അടുത്തുള്ള പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ശാരീരിക പീഡനങ്ങള്‍ മാത്രമല്ല ഒരാളെ മാനസികമായി തകർക്കുന്ന അധികാരപ്രയോഗങ്ങളും ആത്മഹത്യയ്ക്ക് കാരണമാകാമെന്നും അതിനാല്‍ തന്നെ ഇയാള്‍ ഭാര്യയുടെ മരണത്തിന് ഉത്തരവാദിയാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *