മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യവസായം എതിർപ്പിൻ്റെ പേരിൽ അടച്ചുപൂട്ടാനാവില്ല; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, പ്രദേശവാസികൾ എതിർത്താലും വ്യവസായ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടയാനാവില്ല ഹൈക്കോടതി.പഞ്ചായത്ത് രാജ് നിയമപ്രകാരം, വ്യവസ്‌ഥകളോടെയെങ്കിലും ഇത്തരം സംരംഭങ്ങൾക്ക് അനുമതി നൽകൂ മാത്രമാണ് തദ്ദേശസ്ഥാപനത്തിനു മുന്നിലുള്ള മാർഗമെന്നും ജസ്‌റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കി. കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസമേകുന്ന സമീപനമാകണം അധികൃതരിൽ നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നെല്ലനാട് ഹോട്ട് മിക്‌സ് കോൺക്രീറ്റ് യൂണിറ്റിനു ഗ്രാമപഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിച്ചതിനെതിരേ സംരംഭകരായ എസ്. സുധീറും എ. താജുദ്ദീനും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നെല്ലനാട് പഞ്ചായത്തിൻ്റെ ഉത്തരവ് റദ്ദാക്കിയ കോടതി, ഹർജിക്കാരുടെ അപേക്ഷയിൽ രണ്ടാഴ്‌ചയ്‌ക്കകം അനുകൂല തീരുമാനമെടുക്കാൻ നിർദേശിച്ചു.വ്യവസായം തുടങ്ങാൻ മോഹിച്ചെത്തിയ ഹർജിക്കാർക്ക് മുന്നിൽ നിയമങ്ങളല്ല, ശാസ്‌ത്രീയാടിത്തറയില്ലാതെ ചിലർ നടത്തുന്ന പ്രതിഷേധങ്ങളാണ് വിലങ്ങുതടിയായതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതിപത്രങ്ങൾ കൈവശമുണ്ടായിട്ടും ജനരോഷം പഞ്ചായത്ത് അധികൃതർ ഭയന്ന് മടിച്ചു. ഇത് നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. കോടികൾ മുടക്കി പ്ലാൻ്റ് സ്‌ഥാപിച്ച സംരംഭകർ വിഷമാവസ്‌ഥയിലാണ്. മാലിന്യ നിയന്ത്രണ ബോർഡിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. എന്നാൽ, 150 മീറ്ററുകൾ അകലെ താമസിക്കുന്നവരുടെ എതിർപ്പ്മൂലം പ്ലാൻ്റ് അടച്ചിട്ടിരിക്കുകയാണ്. വ്യവസായങ്ങൾ പൂട്ടേണ്ടിവരുന്നത് സംസ്‌ഥാനത്തിൻ്റെ സാമ്പത്തികവളർച്ചയെ ബാധിക്കും. പ്രതിഷേധങ്ങളുടെ ട്രേഡ് സമീപത്തെ യൂണിയൻ്റെയും നാടിൻ്റെയും പൊതുവേ ആരോപണങ്ങളുണ്ടെങ്കിലും കേരളത്തിലെ വ്യവസായവളർച്ച എടുത്തുപറയേണ്ടതാണ്. ജനങ്ങളും മാറിമാറി വന്ന രാഷ്ട്രീയഭരണനേതൃത്വങ്ങളും നൽകിയ പിന്തുണയാണിതിന് കാരണം. നാട്ടുകാരിൽ ചിലരുടെ എതിർപ്പിൻ്റെ പേരിൽ അനുമതി നിഷേധിക്കുന്നത് വോട്ട് ബാങ്ക് നഷ്‌ടപ്പെടുമെന്ന ആശങ്കയാണ്. അധികാരത്തിലെത്തിയാൽ, നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംരംഭവും അടച്ചുപൂട്ടില്ലെന്ന് ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും വോട്ടർമാർക്ക് ഉറപ്പുനൽകണമെന്നു കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *