പോക്‌സോ കേസ്; കരാട്ടെ അധ്യാപകനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു

മഞ്ചേരി : വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രണ്ടു കേസുകളില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. കരാട്ടെ പരിശീലകനായ വാഴക്കാട് ഊര്‍ക്കടവ് വലിയാട്ട് വീട്ടില്‍ സിദ്ദീഖ് അലി (49) യെയാണ് ജഡ്ജി എ എം അഷ്‌റഫ് വെറുതെ വിട്ടത്. 2024 ഫെബ്രുവരി 19ന് ഒരു പെണ്‍കുട്ടി ചാലിയാര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ കരാട്ടെ പരിശീലകനെതിരെ പീഡന പരാതിയുമായെത്തി. 17കാരി ഡോക്ടര്‍ക്ക് 14 പേജുള്ള പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ഏപ്രില്‍ അഞ്ചിന് അറസ്റ്റിലായ പ്രതിയെ കാപ്പ ചുമത്തി കോഴിക്കോട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും അടച്ചിരുന്നു. പരിശീലകനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടു പോക്‌സോ കേസുകളിലാണ് ഇപ്പോള്‍ വിധി വന്നിട്ടുള്ളത്.കുറ്റാരോപിതന്‍ ഭാര്യയും മക്കളും അടങ്ങുന്ന വീടിന്റെ ഓപ്പണ്‍ ടെറസിലാണ് കരാട്ടെ ക്ലാസ് നടത്തിയിരുന്നതെന്നും പകല്‍ സമയത്ത് നടന്നുവരുന്ന ക്ലാസില്‍ ഓരോ ബാച്ചിലും 25ഓളം പെണ്‍കുട്ടികള്‍ അഭ്യസിച്ചു വന്നിരുന്നുവെന്നും മൂന്ന് വനിതാ പരിശീലകര്‍ ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ ലൈംഗിക പീഡനം നടന്നുവെന്നത് വിശ്വസനീയമല്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ ഐ ടി നജീബ് വാദിച്ചു.2021 മാര്‍ച്ച് മാസത്തില്‍ ഏതാനും വിദ്യാര്‍ഥികളെ അച്ചടക്ക ലംഘനത്തിന് ക്ലാസില്‍ നിന്നു പുറത്താക്കിയിരുന്നു. ഈ വിദ്യാര്‍ഥികള്‍ നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ക്ലാസില്‍ സിസിടിവി കാമറയുണ്ടെന്ന് പോലീസിന്റെ മഹസറിലും വില്ലേജ് ഓഫീസറുടെ സ്‌കെച്ചിലും ഉണ്ടെങ്കിലും ഒരു ദൃശ്യം പോലും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു

Leave a Reply

Your email address will not be published. Required fields are marked *